
വിമാനയാത്രയ്ക്കിടെ ആരെയും ഭയപ്പെടുത്തുന്ന ഒരു ദൃശ്യം കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡയയിൽ പങ്കുവയ്ക്കപ്പെട്ടു(anacondas). എന്നാൽ ഇത് യാഥാർഥ്യമാണോ അതോ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ദൃശ്യങ്ങളാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ X ൽ SÈYE (@official\_Sheye) എന്ന ഉപയോക്താവാണ് ദൃശ്യങ്ങൾ പങ്കിട്ടത്. "അനക്കോണ്ട നദിയുടെ ഹെലികോപ്റ്റർ കാഴ്ച... ഭയാനകമായ കാഴ്ച... ഇവിടെ നിന്ന് ജീവനോടെ ഒന്നും പുറത്തുവരുന്നില്ല" എന്ന അടിക്കുറിപ്പോടെയാണ് പങ്കു വച്ചത്.
വിശാലമായ ഒരു നദിക്ക് മുകളിലൂടെ പറക്കുന്ന ഒരു ഹെലികോപ്റ്ററിന് ഉള്ളിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ദൃശ്യങ്ങളിൽ ഡസൻ കണക്കിന് ഭീമാകാരമായ, 100 അടിയോളം നീളമുള്ള അനക്കോണ്ടകൾ വെള്ളത്തിൽ നീന്തുന്നത് കാണാം. ഭയാനകമായ ഈ കാഴ്ച കാണുന്ന ഏതൊരു വ്യക്തിക്കും ഹെലികോപ്റ്റർ അബദ്ധത്തിൽ ആ നദിയിൽ വീഴുമോ എന്ന ചിന്തയുണ്ടാകും. അതേസമയം വന്യജീവി വിദഗ്ധരാരും വീഡിയോയിലെ ദൃശ്യങ്ങൾ യാഥാർഥ്യമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ആമസോണിൽ വലിയ അനക്കോണ്ടകൾ നിലവിലുണ്ടെന്നും വിദൂര നദീതീരങ്ങളുടെ ഹെലികോപ്റ്റർ ദൃശ്യങ്ങൾ പൂർണ്ണമായും വിശ്വസനീയമാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.