

ക്രിസ്മസ് രാത്രിയിൽ അതിഥി തൊഴിലാളിയുടെ കുടുംബത്തിന് വഴിതെളിക്കാനായി ദൈവം ഏതാനും മാലാഖമാരെ അയച്ചു ! എല്ലാ ദുർഘടങ്ങളെയും മറികടന്ന് അവർ ആ കുടുംബത്തെ രക്ഷിച്ചു.(Health workers protects newborn baby and mother )
എന്താണ് സംഭവം എന്നല്ലേ ? പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരാണ് ആ മാലാഖമാർ.
ഏവർക്കും മാതൃകയായി മാറിയ ഇവർ രക്ഷിച്ചത് ആശുപത്രിയിലേക്കെത്തുന്നതിന് മുൻപ് പ്രസവിച്ച സീതാര്‍കുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സര്‍ദാറിൻ്റെ ഭാര്യ സാമ്പയേയും (20) നവജാത ശിശുവിനേയുമാണ്.
യാത്രാമധ്യേ വഴിയിൽ ആനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും, എല്ലാം തരണം ചെയ്ത് അവർ നീങ്ങി. ഒരുപക്ഷേ, ആ രണ്ടു മണിക്കൂർ അവരുടെ ജീവിതത്തിലെ ഏറ്റവും ഭീകരത നിറഞ്ഞതാകാം.
അമ്മയും കുഞ്ഞും പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സുഖമായിരിക്കുന്നു. ആരോഗ്യപ്രവർത്തകർക്ക് മന്ത്രി വീണ ജോർജ് അഭിനന്ദനമറിയിച്ചു.