
കാലവർഷം ശക്തമായതോടെ റോഡിലെ കുഴിയിൽ വീണ് അപകടങ്ങളും പതിവായിരിക്കുകയാണ്(Bike). നിരവധിപേരാണ് പ്രതിദിനം രാജ്യത്ത് ഇത്തരത്തിൽ ജീവൻ വെടിയുന്നത്. ചണ്ഡീഗഢിൽ ഒരു ബൈക്ക് യാത്രികനെ ഭീമാകാരമായ കുഴിയിൽ നിന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പുറത്തെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @journalistbhatt എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചിട്ടുള്ളത്.
കനത്ത മഴയെ തുടർന്ന് ചണ്ഡീഗഢിൽ സെക്ടർ - 48 ൽ റോഡ് തകർന്നാണ് ബൈക്കുമായി ഒരാൾ കുഴിയിലേക്ക് വീണത്. ഫയർഫോഴ്‌സ് എത്തിയാണ് ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്. ഉദ്യോഗസ്ഥർ കുഴിയിൽ നിന്ന് ബൈക്ക് ഉയർത്തുന്നത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നെറ്റിസൺസ് പ്രതിഷേധവുമായി രംഗത്തെത്തി. ചണ്ഡീഗഡിലെ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ ടാഗ് ചെയ്തുകൊണ്ടാണ് ഉപയോക്താക്കൾ അഭിപ്രായം രേഖപെടുത്തിയത്.