
ന്യൂഡൽഹി: മണിപ്പുർ കലാപത്തിൽ സംസ്ഥാന സർക്കാരിനോട് സ്ഥിതിവിവര കണക്ക് തേടി സുപ്രീം കോടതി (Manipur violence). കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ വിവരങ്ങളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ അക്രമസംഭവങ്ങളിൽ പ്രതികളായവർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും മണിപ്പുർ സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബഞ്ചിന്റെയാണ് നിർദേശം.കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ എല്ലാ വിശദാംശങ്ങളും വേണമെന്നും ഇത് മുദ്രവച്ച കവറിൽ ലഭ്യമാക്കണമെന്നും മണിപ്പുർ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ബഞ്ച് നിർദേശിച്ചു.
നേരത്തെ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഗീത മിത്തലിന്റെ അധ്യക്ഷതയിലുള്ള സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് 34 ഓളം വിവിധ റിപ്പോര്‍ട്ടുകള്‍ സമിതി നല്‍കിയതായാണ് സമിതി അഭിഭാഷക വിഭ മഹിജ അറിയിച്ചത്. പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും നല്‍കാനും കോടതി നിര്‍ദേശിച്ചു