
ബംഗളൂരു: സ്വകാര്യ വീഡിയോ ചിത്രീകരിച്ച് ഹണിട്രാപ്പിൽ കുടുക്കി 48-കാരനിൽ നിന്നും കോടികൾ തട്ടിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ (HONEYTRAP). തബസ്സം ബീഗം, അജിമുദ്ദീൻ, ആനന്ദ്, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. 48 കാരനായ കേന്ദ്ര സർക്കാർ ജീവനക്കാരനെയാണ് സംഘം തട്ടിപ്പിന് ഇരയാക്കിയത്. 2021 മുതൽ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടുന്ന പ്രതികൾ വാട്‌സ്ആപ്പിൽ സ്വകാര്യ ഫോട്ടോകൾ അയച്ചുകൊടുത്ത് ഇരയെ ഭീഷണിപ്പെടുത്തി ഒടുവിൽ 2.5 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
തട്ടിപ്പിനിരയായ 48-കാരൻ ആർടി നഗറിലെ ഒരു ജിമ്മിൽ വെച്ച് പ്രതികളിൽ ഒരാളായ തബസ്സുമിനെ പരിചയപ്പെടുകയും, തുടർന്ന് ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തു. താൻ ഒരു കുട്ടിയെ ദത്തെടുത്തെന്ന് പറഞ്ഞ തബസ്സം ആദ്യം സഹായം അഭ്യർത്ഥിക്കുകയും പിന്നീട് ഇരയെ ബ്ലാക്ക് മെയിൽ ചെയ്യുകയും സ്വകാര്യ ഫോട്ടോകൾ എടുത്ത് അവ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂട്ടുപ്രതികൾ, പോലീസും അഭിഭാഷകരും ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2.5 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു.
വീണ്ടും സംഘം പണം ആവശ്യപ്പെട്ടതോടെ തട്ടിപ്പിന് ഇരയായ ആൾ സിസിബിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.