

കുടക് : സാമ്പത്തിക നേട്ടത്തിനായി രണ്ട് കൂട്ടാളികളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ (Hyderabad crime). തെലങ്കാന സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യവസായി രമേഷ് കുമാർ (54) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിൻ്റെ എട്ട് കോടിയിലധികം വരുന്ന സ്വത്ത് കൈക്കലാക്കാനാണ് പ്രതി നിഹാരിക ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. അങ്കുർ, നിഖിൽ എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു യുവാക്കളും മുഖ്യപ്രതിയായ യുവതിയുടെ സുഹൃത്തുക്കളും സഹപാഠികളുമാണെന്നാണ് റിപ്പോർട്ട്.
കൊലപാതകം നടത്തിയ ശേഷം പ്രതിയും കൂട്ടാളികളും മൃതദേഹവുമായി കുടക് ജില്ലയിലെ സുണ്ടിക്കൊപ്പയിലെ ഒരു കോഫി എസ്റ്റേറ്റിലേക്ക് എത്തുകയും, അവിടെ വച്ച് മൃതദേഹം കത്തിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഒക്ടോബർ 8 ന്, കൊല്ലപ്പെട്ട രമേഷ് കുമാറിന്റെ പാതി അഴുകിയ മൃതദേഹം സണ്ടിക്കൊപ്പയ്ക്ക് സമീപമുള്ള പന്യ എസ്റ്റേറ്റിൽ കണ്ടെത്തി, തുടർന്ന് 16 ഉദ്യോഗസ്ഥരുടെ നാല് പ്രത്യേക ടീമുകൾ രൂപീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
ഇതിനിടെ , കുടക് പോലീസ് തെലങ്കാനയിലെ സഹപ്രവർത്തകരുമായി ബന്ധപ്പെട്ട് രമേഷ് കുമാറിൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിനിടെ ഇയാളുടെ ഭാര്യ നിഹാരികയുടെ (29) പങ്കിനെക്കുറിച്ച് പോലീസ് സംശയിക്കുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ, പ്രതികൾ രമേശിനെ ഹൈദരാബാദിലെ ഉപ്പലിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നെന്നും കണ്ടെത്തി.
സംഭവത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ നിഹാരിക ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയതായി പോലീസ് പറഞ്ഞു. ഒക്‌ടോബർ 22 ന് നിഹാരികയെയും നിഖിലിനെയും അറസ്റ്റ് ചെയ്ത കുടക് പോലീസ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്ന് അങ്കുർ റാണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.