

കായംകുളം: അർമേനിയയിൽ ഡെലിവറി ബോയിയായി വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ (Visa fraud). കായംകുളം രണ്ടാംകുറ്റിയിൽ സഫിയ ട്രാവത്സ് ഉടമ ചുനക്കര നടുവിലേമുറിയിൽ മലയിൽ വീട്ടിൽ ഷാനെ (38) ആണ് കായംകുളം പോലീസ് പിടികൂടിയത്. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയിൽനിന്ന് 2,56,900 രൂപയും താമരക്കുളം സ്വദേശിയിൽ നിന്ന് 1,50,000 രൂപയും വാങ്ങി. കായംകുളം മുരിക്കുംമൂട്ടിൽ ഇൻഷാ ട്രാവത്സ് നടത്തിയാണ് തട്ടിപ്പ് നടത്തിയത്. തുടർന്ന് പൊലീസ് റെയ്ഡ് നടത്തി കേസ് എടുത്തതിനെ തുടർന്നാണ് സഫിയ ട്രാവത്സ് എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങി തട്ടിപ്പ് തുടർന്നത്. തട്ടിയെടുത്ത പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയും ആഡംബര വീട് നിർമിക്കുകയും ചെയ്തതായും നിരവധി പേരിൽനിന്ന് ഇത്തരത്തിൽ പണം വാങ്ങിയതായി സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു.