
ബെംഗളൂരു: കെആർ മാർക്കറ്റിൽ ബസ് കാത്ത് നിന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിന് പിന്നാലെ നഗരത്തിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത് (Violence against women). ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം ബലാത്സംഗവും ലൈംഗികാതിക്രമവും ഉൾപ്പെടെ കർണാടക സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്കിൽ ബെംഗളൂരുവാണ് മുന്നിൽ.
ഇതുസംബന്ധിച്ച് ഭീതിപ്പെടുത്തുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് 2023, 2024 വർഷങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടതിൽ, ബെംഗളൂരുവിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഗണ്യമായ വർദ്ധനവ് എടുത്തുകാണിക്കുന്നു.
2023ൽ സംസ്ഥാനത്തുടനീളം 563 ബലാത്സംഗ കേസുകളും ബെംഗളൂരുവിൽ 178 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ലൈംഗികാതിക്രമത്തിൻ്റെ കാര്യത്തിൽ സംസ്ഥാനത്ത് 6,462 കേസുകളും ബെംഗളൂരുവിൽ 1,321 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024ൽ (നവംബർ വരെ) സംസ്ഥാനത്ത് 540 ബലാത്സംഗ കേസുകളും ബെംഗളൂരുവിൽ 166 കേസുകളും ഉണ്ടായി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 5,873 കേസുകളും ബെംഗളൂരുവിൽ 1,381 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.