
ബെംഗളൂരു: ട്രെയിനിൽ സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ വീഡിയോകളും ഫോട്ടോകളും പകർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ (Bangalore Crime News). മഹേഷ് എന്നയാളെയാണ് ജയനഗർ മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറിയത്.
മെട്രോ അധികൃതർ ഇയാളിൽ നിന്ന് 5000 രൂപ പിഴയും ഈടാക്കി. പ്രതിയുടെ മൊബൈൽ ഫോണിൽ അമ്പതോളം യുവതികളുടെ വീഡിയോകളും ഫോട്ടോകളും ഉണ്ടായിരുന്നു. ബെംഗളൂരു, മജസ്റ്റിക്കിൽ നിന്ന് ജെപി നഗറിലേക്ക് പോവുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിടെയാണ് ഇയാൾ പിടിയിലായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് യുവതിയുടെ സഹായത്തിന് എത്തിയതും മഹേഷിനെ പിടികൂടിയതും. മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇയാളുടെ പ്രവൃത്തി പുറത്തറിയുന്നത്. സുരക്ഷാ ജീവനക്കാരായ സുജിത്തിനെയും എസ് ജി റാമിനെയും ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും , സാഹചര്യം മനസ്സിലാക്കി പ്രവർത്തിച്ചതിന് ബിഎംആർസിഎൽ അധികൃതർ പ്രശംസിച്ചു.