
ബെംഗളൂരു : ഷോപ്പിംഗിന് കൊണ്ടുപോകാത്തതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയതായി റിപ്പോർട്ട് (Girl commits suicide). മഗഡി താലൂക്ക് സോളൂർ ബസവനഹള്ളി സ്വദേശിനി ധൃതി ജിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകീട്ട് നാലിനും അഞ്ചിനുമിടയിൽ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് യുവതി തൂങ്ങി മരിച്ചതെന്നാണ് വിവരം.
കർഷകനായ അച്ഛൻ ഗംഗാധരയ്യയും അമ്മയും ബന്ധുവിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് ഷോപ്പിംഗിന് പോയതായിരുന്നു. എന്നാൽ പിയുസിക്ക് പഠിക്കുന്ന മകളെ മാതാപിതാക്കൾ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. ഇതിൽ പെൺകുട്ടി അസ്വസ്ഥയായി. തുടർന്ന് ശനിയാഴ്ച വൈകീട്ട് 3.30ഓടെ കോളേജിൽ നിന്ന് വീട്ടിലെത്തിയ യുവതി തൂങ്ങി മരിക്കുകയായിരുന്നു.
വൈകിട്ട് അഞ്ചോടെ തിരിച്ചെത്തിയ മാതാപിതാക്കൾ വീടിൻ്റെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിലിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മകൾ ആത്മഹത്യ ചെയ്തതായി അറിയുന്നത്. പരീക്ഷയായതിനാൽ മകളെ ഷോപ്പിംഗിന് കൊണ്ടുപോയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തിയാൽ മൃതദേഹം ഛിന്നഭിന്നമാകുമെന്ന് ഭയന്നാണ് പോലീസിനെ അറിയിക്കാതിരുന്നതെന്നും മാതാപിതാക്കൾ പറഞ്ഞു.
അതേസമയം , സംഭവം ശ്രദ്ധയിൽ പെട്ടതോടെ, മരണവിവരം പോലീസിനെ അറിയിക്കാത്തതിന് ബിഎൻഎസ് സെക്ഷൻ 211 പ്രകാരം ദമ്പതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.