
തുംകൂർ: കർണാടകയിലെ തുംകൂർ നഗരത്തിലെ ആരോഗ്യ കേന്ദ്രത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പെൻ്റാവാലൻ്റ് വാക്‌സിൻ സ്വീകരിച്ച രണ്ട് നവജാത ശിശുക്കൾ മരണപ്പെട്ടതായി റിപ്പോർട്ട് (Pentavalent Vaccine).
വിനോദിൻ്റെയും രഞ്ജിതയുടെയും മകളായ രണ്ടുമാസം പ്രായമുള്ള പെന്കുഞ്ഞാണ് ആദ്യം മരണപ്പെട്ടത്.പെൺകുഞ്ഞിന് കോട്ടെയിലെ ഹെൽത്ത് സെൻ്ററിൽ കുത്തിവയ്പ് നൽകിയെങ്കിലും വെള്ളിയാഴ്ച കുട്ടി മരണപ്പെട്ടതായാണ് റിപ്പോർട്ട്.
മറ്റൊരു കേസിൽ, ഭക്തരഹള്ളിയിലെ ആരോഗ്യ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിച്ച രണ്ടര മാസം പ്രായമുള്ള ആൺകുട്ടിയാണ് മരണപ്പെട്ടത്.
സംഭവം വാർത്തയായതിന് പിന്നാലെ സംസ്ഥാന നോഡൽ ഓഫീസർ ഡോ. സുധീർ നായിക്, ജില്ലാ നോഡൽ ഓഫീസർ ഡോ. മോഹൻ, താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ. മാരിയപ്പ ഉൾപ്പെടെയുള്ള വിദഗ്ധസംഘം ശനിയാഴ്ച വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തി.
പിന്നീട് വാക്‌സിൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് മരണകാരണം വ്യക്തമാകുമെന്നും അധികൃതർ പറഞ്ഞു.
ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ, ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി എന്നിങ്ങനെ അഞ്ച് ഗുരുതരമായ രോഗങ്ങളിൽ നിന്ന് പെൻ്റാവാലൻ്റ് വാക്സിൻ കുട്ടികളെ സംരക്ഷിക്കുന്നു. എന്നാൽ വാക്‌സിൻ എടുത്ത കുഞ്ഞുങ്ങളുടെ മരണകാരണം അന്വേഷണത്തിൽ വ്യക്തമാകേണ്ടതുണ്ട്.