
കൊച്ചി: സിനിമാ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ യുവതിക്കെതിരെ പരാതിയുമായി ബന്ധു രംഗത്ത് (Tried to sel teenage girl to sexmafia). പതിനാറ് വയസുള്ളപ്പോള്‍ സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് യുവതി ഡിജിപിക്ക് പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ ഇന്ന് തെളിവെടുപ്പുണ്ടാകും എന്നാണ് റിപ്പോർട്ട്.
പത്ത് വര്‍ഷം മുന്‍പ് 2014ലാണ് സംഭവമെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞത് . അമ്മയുടെ സഹോദരിയുടെ മകളാണ് തന്നെ വില്‍ക്കാന്‍ ശ്രമിച്ചതെന്നും, അന്ന് അവര്‍ അഞ്ചോളം സിനിമയില്‍ അഭിനയിച്ചിരുന്നുവെന്നും യുവതി പറയുന്നു . ചെന്നൈയിലായിരുന്നു അവർ താമസിച്ചിരുന്നത്, സിനിമയില്‍ അഭിനയിക്കുന്നു എന്നല്ലാതെ അവരെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷന്‍ കാലത്ത് അവര്‍ തന്നെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാമെന്നും ഓഡിഷനില്‍ പങ്കെടുക്കാം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നതെന്നും യുവതി വെളിപ്പെടുത്തുന്നു.
അവർ പറഞ്ഞതനുസരിച്ച് താനും അമ്മയും ചെന്നൈയിലേക്ക് പോയി. തൊട്ടടുത്ത ദിവസം ഓഡിഷനെന്ന് പറഞ്ഞ് ഒരു ഹോട്ടലിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയെന്നും മുടിയില്‍ തഴുകിയെന്നും യുവതി പറയുന്നു. ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓകെയാണോ എന്ന് ചോദിച്ചു. അയാള്‍ ഓകെയാണെന്നും പറഞ്ഞതായും യുവതി വെളിപ്പെടുത്തുന്നു.
ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് തനിക്ക് മനസിലായി.തുടർന്ന് വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതോടെ അവരുടെ മുഖം മാറി. ദേഷ്യപ്പെട്ടുകൊണ്ട് തന്നോട് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് അവര്‍ പറഞ്ഞു. അത് ശരിയല്ലെന്ന് തോന്നിയതോടെ താന്‍ ബഹളംവെച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം
ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും. അന്വേഷണ ഉദ്യോഗസ്ഥർ പല ഭാഗങ്ങളായി ഇത്രയും പേജുകൾ വായിച്ചിരുന്നു. ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികൾ വായിക്കും. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും.
യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നാണ് ഇത്രയും പേജുകൾ. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.