
ബെംഗളൂരു: ഭർത്താവിന്റെ കടബാധ്യത തീർക്കാനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ (A mother sold her newborn baby). ബെംഗളൂരുവിലെ രാമനഗരയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ, കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമായ ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. പോലീസ് രക്ഷപ്പെടുത്തിയ കുഞ്ഞിനെ മാണ്ഡ്യയിലെ ചൈൽഡ് വെൽഫെയർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
ഡിസംബർ ഏഴിനാണ് കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി പൊലീസിന് ഒരു പരാതി ലഭിക്കുന്നത്. കുഞ്ഞിന്റെ പിതാവ് തന്നെയാണ് പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യക്ക് കൃത്യത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ദമ്പതികൾക്ക് മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. കടം തീർക്കാൻ നവജാതശിശുവിനെ വിൽക്കാമെന്ന് യുവതി ഭർത്താവിനോട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഭർത്താവ് യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം യുവാവ് ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. സുഖമില്ലാത്തതിനാൽ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. യുവതി തലേദിവസം പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന്, വനിത പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും കുട്ടി ബന്ധുവിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടുതൽ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബെംഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിട്ടതായി പറഞ്ഞത്. ഉടനെ പോലീസ് ബെംഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. പിന്നാലെ കുട്ടിയുടെ അമ്മയെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.