
ബംഗളൂരു: കരാറുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ (Honey trap arrest). ബ്യാദരഹള്ളി സ്വദേശിയായ രംഗനാഥ് എന്ന കരാറുകാരൻ നൽകിയ പരാതിയിൽ, നയന, മോഹൻ, സന്തോഷ് എന്നിവരെയാണ് ബ്യാദരഹള്ളി പോലീസ് പിടികൂടിയത്. മറ്റ് രണ്ട് പേരും ഹണിട്രാപ്പിൽ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. ഇവർക്കായി തിരച്ചിൽ ഊർജ്ജിതാക്കിയിട്ടുണ്ട്.
ഒരു സുഹൃത്ത് വഴിയാണ് രംഗനാഥിനെ പ്രതിയായ നയനയെ പരിചയപ്പെട്ടത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് രംഗനാഥിൻ്റെ വിശ്വാസം നേടിയ നയന ആദ്യം 5000 രൂപയും, പിന്നെ പതിനായിരവും കൈക്കലാക്കി.നയന രംഗനാഥിനെ ദിവസവും വിളിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. ഡിസംബർ ഒമ്പതിന് മഗഡി റോഡിൽ ഇരുചക്രവാഹനത്തിൽ രംഗനാഥ് പോകുമ്പോൾ നയന സ്കൂട്ടറിൽ പിന്നാലെ എത്തുകയും , തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് അറിയാതെ രംഗനാഥ് നയനയെ വിശ്വസിച്ച് അവരുടെ വീട്ടിലെത്തി. വീട്ടിനുള്ളിൽ എത്തിയപ്പോൾ ക്രൈംബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ട് അജ്ഞാതർ പിന്നാലെ വീട്ടിൽ കയറി. അവർ രംഗനാഥിനെ മർദിക്കുകയും വസ്ത്രങ്ങൾ അഴിക്കുകയും ഫോട്ടോകൾ പകർത്തുകയും ചെയ്തു. തുടർന്ന് സംഘം രംഗനാഥിനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇയാളുടെ സ്വർണ്ണ മാലയും 29,000 രൂപയും മോഷ്ടിക്കുകയും ഇയാളുടെ ഫോണിൽ നിന്ന് 26,000 രൂപ ഫോൺ പേ വഴി അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.
സംഭവത്തിന് ശേഷം നയനയോട് തനിക്കൊപ്പം പരാതി നൽകണമെന്ന് രംഗനാഥ് ആവശ്യപ്പെട്ടെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല.തുടർന്നാണ് സംഭവം ഡയാനയും കൂടി ചേർന്ന് നടത്തിയ ഹണിട്രാപ്പാണെന്നു രംഗനാഥിന് മനസ്സിലായത്. തുടർന്ന് രംഗനാഥ് അഭിഭാഷകരുമായി കൂടിയാലോചിക്കുകയും ബ്യാദരഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കുടുങ്ങിയത്.