തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അമൂല്യ രത്നങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ രണ്ട് കോടിയോളം രൂപയുടെ സ്വത്താണ് നഷ്ടപ്പെട്ടത്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് സൂചന.(Theft at Kowadiar Palace, Mystery grows)
കൊട്ടാരത്തെക്കുറിച്ചും ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന രീതിയെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരം ജീവനക്കാരുടെ മൊഴി എടുത്തു വരികയാണ്. ഇന്ന് പേരൂർക്കട സ്റ്റേഷനിൽ ഹാജരാകാൻ ചില ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊട്ടാരത്തിൻ്റെ തെക്കേ ഭാഗത്തെ മൂന്നാമത്തെ നിലയിലുള്ള ഗൗരി ലക്ഷ്മി ഭായിയുടെ ബെഡ്റൂമിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്. ഈ ഭാഗത്തേക്ക് കുടുംബാംഗങ്ങൾക്കും വിശ്വസ്തരായ ചുരുക്കം ചില ജീവനക്കാർക്കും അല്ലാതെ മറ്റാർക്കും പ്രവേശനമില്ല. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാരയുടെ താക്കോൽ മറ്റൊരു പെട്ടിയിലായിരുന്നു വെച്ചിരുന്നത്. ഈ പെട്ടി തുറന്ന് താക്കോൽ കൈക്കലാക്കിയാണ് അലമാര തുറന്നിരിക്കുന്നത്. പല തവണകളായിട്ടാണോ മോഷണം നടന്നതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
പിച്ചിപ്പൂ മൊട്ട് സ്വർണ്ണ പാദസരം, നാഗപട കമ്മൽ, മാല എന്നിവയുൾപ്പെടെ 12 ഇനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഏകദേശം രണ്ട് കോടി രൂപയാണ് ഇവയുടെ മതിപ്പുവില.

