
പെഡ്രോ ലോപ്പസ്, "ആൻഡീസിലെ രാക്ഷസൻ" എന്നറിയപ്പെടുന്നയാൾ, ലോകത്തിലെ ഏറ്റവും ക്രൂരമായ സീരിയൽ കില്ലർമാരിൽ ഒരാൾ (Pedro Alonso Lopez). കൊളംബിയ, പെറു, ഇക്വഡോർ എന്നീ രാജ്യങ്ങളിലായി 300-ലധികം പെൺകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി, ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കൊടും ക്രിമിനലാണ് ലോപ്പസ് .
1948 ഒക്ടോബർ 8-ന് കൊളംബിയയിൽ ജനിച്ച ലോപ്പസിന്റെ ബാല്യം ദുരിതപൂർണ്ണമായിരുന്നു. ജനിക്കുന്നതിന് ആറ് മാസം മുൻപ് പിതാവിനെ നഷ്ടപ്പെട്ട ലോപ്പസ്, പത്ത് സഹോദരങ്ങൾക്കൊപ്പം വലിയ പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചു. അമ്മയുടെ ഉപദ്രവവും കൂടെയുണ്ടായിരുന്നു. എട്ട് വയസിൽ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന്, അമ്മ ലോപ്പസിനെ വീട്ടിൽ നിന്ന് പുറത്താക്കുകയും അയാൾ തെരുവിൽ ജീവിക്കാൻ തുടങ്ങുകയും ചെയ്തു. മയക്കുമരുന്നിന്റെയും ലൈംഗിക പീഡനത്തിന്റെയും ഇരയായ ലോപ്പസിനെ പന്ത്രണ്ടാം വയസിൽ ഒരു അമേരിക്കൻ കുടുംബം ദത്തെടുത്തെങ്കിലും സ്കൂളിൽ അദ്ധ്യാപകനിൽ നിന്നും ലൈംഗിക പീഡനത്തിനിരയായതോടെ വീണ്ടും തെരുവിൽ തിരികെയെത്തി.
1969-ൽ വാഹന മോഷണത്തിന് അറസ്റ്റിലായ ലോപ്പസ് ഏഴ് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചു. ജയിലിൽ അയാളെ മറ്റ് തടവുകാർ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി ലോപ്പസ് അവരിൽ ചിലരെ കൊലപ്പെടുത്തി. 1978-ൽ ജയിൽ മോചിതനായ ലോപ്പസ്, പെറുവിലേക്ക് പോയി തന്റെ ക്രൂരമായ കൊലപാതക പരമ്പര ആരംഭിച്ചു. 6-12 വയസ്സുള്ള പെൺകുട്ടികളായിരുന്നു അയാളുടെ പ്രധാന ഇരകൾ. കുട്ടികളെ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച് കൊലപ്പെടുത്തി, കുഴിച്ചു മൂടുകയായിരുന്നു ഇയാളുടെ രീതി.
പെറുവിൽ 100-ലധികം പെൺകുട്ടികളെ കൊലപ്പെടുത്തിയതോടെ, ഗ്രാമപ്രദേശവാസികൾ ലോപസിനെ പിടികൂടി, തല്ലുകയും ജീവൻ അപായപ്പെടുത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാൽ, ഒരു അമേരിക്കൻ മിഷണറി ലോപ്പസിനെ രക്ഷപ്പെടുത്തി, പോലീസിന് കൈമാറി. എന്നിട്ടും, ഇയാൾ യാതൊരു ശിക്ഷയും നേരിടാതെ നാടുകടത്തപ്പെട്ടു. ആഴ്ചകൾക്കുള്ളിൽ ലോപ്പസ് വീണ്ടും പെൺകുട്ടികളെ കൊലപ്പെടുത്താനായി വീണ്ടും ഇറങ്ങി .
1980-ൽ ഇക്വഡോറിലെ അമ്പാട്ടോയിൽ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ, ലോപ്പസ് പിടിയിലാവുകയും, പോലീസ് ചോദ്യം ചെയ്യലിൽ 110-ലധികം കൊലപാതകങ്ങൾ ചെയ്തതായി സമ്മതിക്കുകയും ചെയ്തു. തന്റെ ഇരകളുടെ കണ്ണിലെ 'പ്രത്യേക വെളിച്ചം' അണയുന്നത് കാണുന്നത് തനിക്കുള്ള ആനന്ദമെന്ന് ലോപ്പസ് മൊഴി നൽകിയിരുന്നു. ഇക്വഡോറിലെ പത്തോളം കുട്ടികളുടെ മൃതദേഹങ്ങൾ ലോപ്പസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കണ്ടെത്തി, എന്നാൽ, വെള്ളപ്പൊക്കത്തിൽ മറ്റു ശവകുഴികൾ നശിച്ചുകൊണ്ടിരുന്നതുകൊണ്ട്, കൂടുതൽ തെളിവുകൾ ലഭ്യമാകാത്തത് ലോപ്പസിന് അനുകൂലമായി.
1980-ൽ, ലോപ്പസ് മൂന്നു കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടു, ഇക്വഡോറിയൻ നിയമപ്രകാരം പരമാവധി ശിക്ഷയായ 16 വർഷം തടവുശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ടു. 1994-ൽ നല്ല പെരുമാറ്റം മൂലം മോചിതനായ ലോപ്പസ്, ഉടൻ കൊളംബിയയിലേക്ക് നാടുകടത്തപ്പെട്ടു. അനധികൃത കുടിയേറ്റക്കാരനായി അറസ്റ്റിലായിട്ടും, ലോപ്പസിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയില്ല.
1995-ൽ, പുതിയ കുറ്റകൃത്യങ്ങളിൽനിന്നും രക്ഷപ്പെട്ട ഇയാൾ ഒരു മാനസികാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 1998-ൽ ആശുപത്രിയിൽ നിന്ന് മോചിതനായ ലോപ്പസ് പിന്നീട് എവിടെയോ കാണാതായി. 2002-ൽ കൊളംബിയയിൽ മറ്റൊരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇൻ്റർപോൾ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും, ഇപ്പോൾ ഇയാൾ എവിടെയാണെന്ന്ആർക്കും അറിയില്ല.
ലോപ്പസ് ഇപ്പോഴും ജീവനോടെയുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ക്രൂരമായ കൊലപാതകങ്ങൾ തുടരാൻ സാധ്യതയുള്ളതായി ചിലർ ഭയപ്പെടുന്നു. "എട്ടാം വയസ്സിൽ എനിക്ക് എൻ്റെ നിഷ്കളങ്കത നഷ്ടപ്പെട്ടു. അതിനാൽ എനിക്ക് കഴിയുന്നത്ര പെൺകുട്ടികളോട് ഇത് ചെയ്യാൻ ഞാൻ തീരുമാനിച്ചു," എന്ന് ലോപ്പസ് പറഞ്ഞിരുന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.