
മുംബൈ : പൂനെയിൽ നടപ്പാതയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ലോറി പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു (Truck accident).
മഹാരാഷ്ട്രയിലെ പൂനെയിലെ, വക്കോലി ചൗക്കിലാണ് ദാരുണ അപകടം നടന്നത്. അതുവഴി വന്ന ലോറി ചരിഞ്ഞ് ഇവരുടെ മേൽ കയറി ഇറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവ സമയം 12 പേരാണ് നടപ്പാതയിൽ കിടന്നു ഉറങ്ങിയത്. ഇവരിൽ 2 കുട്ടികളടക്കം 3 പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ 6 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ട്രക്ക് ഡ്രൈവറായ 26 കാരനായ ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. ഡ്രൈവർ മദ്യപിച്ചതാണ് അപകട കാരണമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.