
അഗർത്തല: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് 10 ബംഗ്ലാദേശി ഹിന്ദുക്കൾ അറസ്റ്റിൽ. അതേസമയം , ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്നതായാണ് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞത്. ഇതുമൂലം സംഘർഷഭരിതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഇപ്പോഴും ഭീഷണി നേരിടുന്നതായും ഇവർ പറയുന്നു. (Bangladesh anti-Hindu violence)
ഈ സാഹചര്യത്തിൽ ഹിന്ദുക്കൾ അവിടെ നിന്ന് അഭയാർത്ഥികളായി പോകാൻ തുടങ്ങിയിരിക്കുന്നതായും, അതിനാലാണ് തങ്ങളും അഭയാർത്ഥികളായെത്തിയതെന്നുമാണ് ഇവർ പറയുന്നത്.
അംബാസ റെയിൽവേ സ്റ്റേഷനിൽ നിന്ന് അസമിലെ സിൽച്ചാറിലേക്ക് ട്രെയിനിൽ കയറാൻ ശ്രമിച്ച രണ്ട് സ്ത്രീകളും മൂന്ന് യുവാക്കളും ഒരു വൃദ്ധനും ഉൾപ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം ഹിന്ദുക്കളാണ് എന്നത് ശ്രദ്ധേയമാണ്.
ഞങ്ങൾ ഒരു കാരണവശാലും ബംഗ്ലാദേശിലേക്ക് മടങ്ങില്ല. ബംഗ്ലാദേശിലെ സ്ഥിതി വളരെ മോശമാണ്. ഹിന്ദുക്കളുടെ ജീവനും സ്വത്തിനും നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്- അറസ്റ്റിലായവരിൽ ഒരാളായ ശങ്കർ ചന്ദ്ര സർക്കാർ പറഞ്ഞു.
ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് ഞങ്ങൾ ഞങ്ങളുടെ ചില സ്വത്തുക്കൾ വിറ്റു. എന്നാൽ വീട്ടുസാധനങ്ങളും ബാക്കിയുള്ള സ്വത്തുക്കളും ഞങ്ങൾ അവിടെ ഉപേക്ഷിച്ചു. ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങൾ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നു. പല കാരണങ്ങളാൽ അതിനു കഴിഞ്ഞില്ല. അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിൻ്റെ കാലത്ത് ഞങ്ങൾ സന്തുഷ്ടരായിരുന്നു, ഞങ്ങളുടെ പ്രദേശങ്ങളിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത ഇല്ലായിരുന്നു. എന്നാൽ മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള കാവൽ സർക്കാർ അധികാരമേറ്റതിന് ശേഷം ഞങ്ങൾ പീഡിപ്പിക്കപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതാണ് അദ്ദേഹം പറഞ്ഞത്.