
മൈസൂരു: മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിലേക്ക് പോയതിന്റെ വൈരാഗ്യത്തിൽ, മകൻ്റെ കൺമുന്നിൽ വെച്ച് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി (Dowry crime). ചൊവ്വാഴ്ച രാത്രി എച്ച്‌ഡി കോട്ടെ ഹനുമന്ത നഗറിലാണ് ക്രൂര സംഭവം നടന്നത്.
ഇരയായ മധുര എന്ന യുവതി ഇപ്പോൾ മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എച്ച്‌ഡി കോട്ടെ കെഎസ്ആർടിസി ഡിപ്പോയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന മല്ലേഷ് നായക് ആണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
അതേസമയം , അച്ഛൻ അമ്മയെ മർദിക്കാറുണ്ടെന്നും, മുത്തശ്ശി പിതാവിനെ ഇതിനായി പ്രോത്സാഹിപ്പിക്കുമായിരുന്നെന്നും ദമ്പതികളുടെ മകൻ പൊലീസിന് മൊഴി നൽകി.
വിജയനഗർ ജില്ലയിലെ കുഡ്‌ലിഗി താലൂക്കിലെ ബിബി തണ്ട സ്വദേശിയാണ് മല്ലേഷ് നായക്, എട്ട് വർഷം മുമ്പ് ഇതേ ഗ്രാമത്തിലെ മധുരയെ ഇയാൾ വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ 6-7 വർഷമായി, സ്ത്രീധനത്തിൻ്റെ പേരിൽ മധുരയെ പീഡിപ്പിക്കുകയും യുവതിയുടെ മാതാപിതാക്കൾ തനിക്ക് വീടും സ്ഥലവും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് എല്ലാ ദിവസവും തർക്കിക്കുകയും ചെയ്തു. കൂടാതെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഇയാൾ പറഞ്ഞു പരത്തി.
അടുത്തിടെ മധുര ഏതാനും ദിവസത്തേക്ക് മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഇതിൽ പ്രകോപിതനായ മല്ലേഷ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ എച്ച്‌ഡി കോട് പോലീസ് കേസെടുത്ത് ഒളിവിൽ പോയ മല്ലേഷിനായി തിരച്ചിൽ നടത്തിവരികയാണ്.