
എറണാകുളം: കനാലില്‍ ബൈക്ക് മറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന സുഹൃത്ത് അറസ്റ്റിൽ (Bike accident death). കുരീക്കാട്-എരുവേലി റോഡിന് സമീപം കനാല്‍ ബണ്ട് റോഡിലെ കനാലില്‍ നെട്ടൂര്‍ തെക്കേവീട്ടില്‍ പറമ്പില്‍ ഷാഹിന്‍ ബീവി (45) മരിച്ച സംഭവത്തിലാണ് ഇവരുടെ സുഹൃത്ത് പുതിയകാവ് എം.എല്‍.എ. റോഡ് അംബിക നിവാസില്‍ വിജില്‍ കുമാര്‍ (48) നെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഷാഹിന്‍ ബീവിയെ മരിച്ച നിലയില്‍ കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് അമിതമായി മദ്യപിച്ച് മദ്യലഹരിയിലായിരുന്ന വിജില്‍ കുമാര്‍, യുവതിയെ അവരുടെ സുഹൃത്തായ സ്ത്രീയുടെ വീട്ടിലാക്കാനായി പോകും വഴി ബൈക്ക് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
മദ്യലഹരിയില്‍ അബോധാവസ്ഥയിലായ ഇയാള്‍ക്ക് രാവിലെ ബോധം വന്നപ്പോഴാണ് അപകടവിവരം ആളുകള്‍ അറിഞ്ഞത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം , ഇയാള്‍ക്കെതിരെ ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.