
ബെംഗളൂരു: സ്വകാര്യ വീഡിയോ കാണിച്ച് 19 കാരിയായ കാമുകിയെ ഭീഷണിപ്പെടുത്തി 2.57 കോടി തട്ടിയെടുത്ത യുവാവിനെ സിസിബി പൊലീസ് അറസ്റ്റ് ചെയ്തു (Youth Arrest). ചാമരാജ്പേട്ട സ്വദേശി മോഹൻകുമാർ (19) ആണ് പിടിയിലായത്. കുമാറും കാമുകിയും ദേവനഹള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിൽ ഒരുമിച്ച് പഠിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്‌കൂൾ പഠനകാലത്ത് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.ഇതിനിടെ കുമാർ, യുവതിയെ വശീകരിച്ച് അവധിക്കാലത്ത് വിനോദയാത്രയ്‌ക്ക് കൊണ്ടുപോയി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ ഇവർ ഒരുമിച്ചിരിക്കുമ്പോൾ രഹസ്യമായി വീഡിയോകൾ പകർത്തുകയും ഫോട്ടോയെടുക്കുകയും ചെയ്തിരുന്ന കുമാർ കാമുകിയുടെ പിതാവ് സമ്പന്നനായ വ്യവസായിയാണെന്നറിഞ്ഞ് പണം തട്ടാനുള്ള പദ്ധതി തയ്യാറാക്കുകയിയിരുന്നു.
തുടർന്ന് പ്രതി , പെൺകുട്ടിയിൽ നിന്ന് പണം തട്ടാൻ തുടങ്ങി. തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ പെൺകുട്ടി ബന്ധത്തിന്റെ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇതോടെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്താൻ തുടങ്ങി.ഭയന്ന് യുവതി 1.25 കോടി രൂപ ആദ്യം കൈമാറി. കൂടാതെ 1.32 കോടി രൂപയും നൽകി.
സ്വർണവും വിലകൂടിയ വാച്ചുകളും വാഹനവും നൽകണമെന്ന് കുമാർ യുവതിയോട് സമ്മർദ്ദം ചെലുത്തിയതായി പോലീസ് പറയുന്നു. ഇയാളുടെ ആവശ്യങ്ങൾ വർധിക്കുകയും , തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവതി സിസിബിയിൽ പരാതി നൽകിയത്.
കുമാറിൻ്റെ പിതാവിൻ്റെയും മറ്റുള്ളവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും പണം ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ടെന്നും പോലീസ് ഇത് അന്വേഷിക്കുകയാണെന്നും എഫ്ഐആറിൽ പറയുന്നു. പ്രതികളിൽ നിന്ന് 80 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പകർത്തുമ്പോൾ യുവതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുമാറിനെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.