
ട്രിച്ചി: നാവ് മുറിച്ച് പച്ചകുത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ട്രിച്ചി മേൽസിന്തമണി പ്രദേശത്ത് 'ഏലിയൻ ഇമോ ടാറ്റൂ സ്റ്റിയോ' എന്ന പേരിൽ ടാറ്റൂ പാർലർ നടത്തുന്ന 24 കാരനായ ഹരിഹരൻ ആണ് കേസിലെ മുഖ്യപ്രതി. കണ്ണിൻ്റെ നിറം മാറ്റാൻ കണ്ണിൽ കുത്തിവയ്ക്കുക, നാവിൻ്റെ അറ്റം 'V' ആകൃതിയിൽ മുറിക്കുക, നാവ് രണ്ടായി പിളർക്കുക എന്നിങ്ങനെ ജീവന് ഭീഷണിയുള്ള ടാറ്റൂകൾ ചെയ്യാൻ മുംബൈയിൽ നിന്നാണ് ഇയാൾ പഠിച്ചതെന്നാണ് റിപ്പോർട്ട്.(Split tongue tattoo)
ഇത് ജീവന് ഭീഷണിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, തൻ്റെ കേന്ദ്രത്തിൽ ഇത്തരത്തിൽ രണ്ട് പ്രകൃതി വിരുദ്ധ ടാറ്റൂകൾ ഇയാൾ ചെയ്തതായാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ ഇയാളുടെ കടയിൽ ജോലി ചെയ്യുന്ന സുഹൃത്ത് കൂത്തിപ്പാറ സ്വദേശി ജയരാമനും (24) കണ്ണിൽ കുത്തിവച്ച് കണ്ണിൻ്റെ നിറം മാറ്റി നാവ് പിളർന്നിട്ടുണ്ട്. സംഭവത്തിൽ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെ ടാറ്റു ചെയ്യുന്ന രീതിയും ജയരാമൻ്റെ പച്ചകുത്തിയ മുഖവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി ഹരിഹരന് നിരവധി ആരാധകരാണ് ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ഫോളോ ചെയ്യുന്നത്.
കൂടാതെ ജയരാമൻ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ അടുത്ത് പോയി ടാറ്റൂ കാണിക്കുകയും ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജീവന് ഭീഷണിയുയർത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഈ വീഡിയോകൾ കണ്ടതിന് ശേഷം ശ്രീരംഗം ട്രിച്ചി കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ കാർത്തികേയനാണു സംഭവത്തിൽ പോലീസിൽ പരാതി നൽകിയത്.
പിന്നാലെ , സംഭവത്തിൽ ഫോർട്ട് പോലീസ് കേസെടുത്ത് ഹരിഹരനെയും ജയരാമനെയും അറസ്റ്റ് ചെയ്തു. അതേസമയം , 2016ൽ, ചെന്നൈ മെഡിക്കൽ കോളേജിൽ പഠിക്കുന്ന ട്രിച്ചി സ്വദേശി സന്തോഷ് കുമാർ എന്ന വിദ്യാർത്ഥി ഇതുപോലെ ഒരു സലൂണിൽ മുടി മാറ്റിവയ്ക്കൽ നടത്തുന്നതിനിടെ മരണപ്പെട്ടിരുന്നു.