
കൈമൂർ: ബീഹാറിൽ സമ്പൂർണ നിരോധനത്തിന് ശേഷം കോഡിൻ അടങ്ങിയ കഫ് സിറപ്പ് കടത്ത് വർധിച്ചു. മദ്യം എളുപ്പത്തിൽ ലഭ്യമല്ലാത്തതിനാൽ, ആളുകൾ ഇപ്പോൾ കഞ്ചാവ്, കറുപ്പ്, കോഡിൻ അടങ്ങിയ കഫ് സിറപ്പ് തുടങ്ങി നിരവധി ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നതായാണ് റിപ്പോർട്ട് (Smuggling of cough syrup ). കോഡിൻ അടങ്ങിയ കഫ് സിറപ്പിൻ്റെ വൻ ശേഖരം കൈമൂരിൽ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. കൈമൂർ ജില്ലയിൽ ആർട്ടിക്ക കാറിൽ നിന്നാണ് നിരോധിത കഫ് സിറപ്പിൻ്റെ വൻശേഖരം പിടിച്ചെടുത്തത്. കാറിൽ ഇവ കടത്താൻ ശ്രമിച്ച രണ്ട് പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
അറസ്റ്റിലായ രണ്ട് പേരും ബംഗാൾ സ്വദേശികളാണ്, ഇവർ കോഡിൻ അടങ്ങിയ കഫ് സിറപ്പ് ബിഹാറിലേക്ക് എത്തിക്കുന്നത് പതിവായിരുന്നതായാണ് പോലീസ് പറയുന്നു. മദ്യ നിരോധനത്തിന് ശേഷം, മയക്കുമരുന്നിന് അടിമകളായവർക്കിടയിൽ കഫ് സിറപ്പിൻ്റെ ആവശ്യം അതിവേഗം വർദ്ധിച്ചതായാണ് പോലീസ് വിലയിരുത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് , ബിഹാറിൽ സർക്കാർ കോഡിൻ അടങ്ങിയ കഫ് സിറപ്പ് നിരോധിച്ചിരുന്നു, എന്നാൽ ആവശ്യക്കാർ ഒരുപാടുണ്ടെന്ന സാഹചര്യം മുതലെടുത്ത കടത്തുകാർ, ബീഹാറിലെ വിവിധ ജില്ലകളിലേക്ക് ചുമ സിറപ്പ് എത്തിച്ച് ധാരാളം പണം സമ്പാദിക്കുകയും ചെയ്തു. എന്നാൽ, ഇത്തവണ കഫ് സിറപ്പ് കള്ളക്കടത്തുകാരുടെ പദ്ധതിയാണ് എക്സൈസും, പോലീസും ചേർന്ന് തകർത്തത്.
പശ്ചിമ ബംഗാളിലെ ആദിത്യപൂർ ഗ്രാമത്തിലെ താമസക്കാരനായ വിജയ് വിശ്വാസിൻ്റെ മകൻ വിക്രം വിശ്വാസ്, മുർഷിദാബാദ് ജില്ലയിലെ സാഗർ പാദ ഗ്രാമത്തിൽ താമസിക്കുന്ന അക്ഷയ് ഷെയ്ഖിൻ്റെ മകൻ സക്കൻ ഷെയ്ഖ് എന്നിവരാണ്നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവർ ഓടിച്ചിരുന്ന WB 52 BM 5538 എന്ന വാഹനത്തിൽ നിന്നാണ് കഫ് സിറപ്പ് പിടിച്ചെടുത്തത്. ആകെ 179.8 ലിറ്റർ കഫ് സിറപ്പ് കണ്ടെടുത്തിട്ടുണ്ട്.