
ചെന്നൈ: കടലാമകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നതിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മത്സ്യബന്ധന വകുപ്പ് ( Sea turtles ).തിരുവൊട്ടിയൂർ മുതൽ ചെന്നൈയിലെ മാമല്ലപുരം വരെയുള്ള തീരങ്ങളിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മാത്രം കണ്ണും കഴുത്തും വീർത്ത 500 കടലാമകൾ ചത്ത നിലയിൽ തീരത്തടിഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം , ചത്ത കടലാമകളുടെ മൃതദേഹം പരിശോധിക്കാതെ മറവ് ചെയ്യുന്നതായി ആക്ഷേപമുണ്ട്.
'ഒലിവ് റിഡ്‌ലി' കടലാമ ഉൾപ്പെടെ നാല് ഇനം കടലാമകൾ ചത്തൊടുങ്ങുന്നതയാണ് അധികൃതർ പറയുന്നത്. കണ്ണും കഴുത്തും വീർപ്പിച്ച് ചത്ത നിലയിൽ കരയിലേക്ക് ഒഴുകിയെത്തിയ കടലാമകളുടെ കാഴ്ച ആരെയും ഞെട്ടിക്കുന്നതുമാണ്. മറീന, തിരുവൊട്ടിയൂർ, കാശിമേട് പ്രദേശങ്ങളിലും കടലാമകൾ ചത്തു തീരത്തടിഞ്ഞു. ചെന്നൈ, ചെങ്കൽപട്ട് മേഖലകളിൽ ചത്ത കടലാമകളുടെ എണ്ണം ആയിരത്തിലേറെയാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
കടലാമകൾ നശിക്കുന്നത് തടയാൻ ഫിഷറീസ് വകുപ്പ് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രോളർ എന്ന വലിയ കപ്പലുകൾ ഉപയോഗിക്കുന്ന വലകൾ മൂലമാണ് കടലാമകൾ ചത്തതെന്ന് സംശയിക്കുന്നതായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിയന്ത്രിത 5 നോട്ടിക്കൽ മൈലുകൾക്കുള്ളിൽ ദിവസേന പട്രോളിംഗ് നടത്താൻ ഞങ്ങൾക്ക് നിർദ്ദേശമുണ്ട്. നിരോധിത മേഖലയിൽ ഏതെങ്കിലും ട്രോളർ പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ അവയുടെ ഇന്ധന സബ്‌സിഡി റദ്ദാക്കും. ഇവരുടെ മത്സ്യബന്ധന ലൈസൻസും റദ്ദാക്കും-അധികൃതർ വ്യക്തമാക്കി.