
മുംബൈ: മഹാരാഷ്ട്രാ സർക്കാരിന്റെ അധീനതയിലുള്ള ഛത്രപതി സംഭാജിനഗർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നിന്നും വ്യാജരേഖകൾ ഉപയോഗിച്ച് കോടികൾ തട്ടി ഒളുവിൽ പോയ പ്രതിയും കാമുകിയും അറസ്റ്റിലായി (Rs 21 crore theft,). സംഭവം നടന്ന് 6 മാസങ്ങൾക്കു ശേഷം സ്‌പോർട്‌സ് ഡെപ്യൂട്ടി ഡയറക്ടർ ദീപക് കുൽക്കർണിയാണ് തട്ടിപ്പ് നടന്ന വിവരം കണ്ടെത്തിയതും, പുറത്തറിയിച്ചതും.
സ്പോർട്സ് കോംപ്ലക്സിൽ കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു പ്രതിയായ ഛത്രപതി സംഭാജി സ്വദേശി ഹരീഷ് കുമാർ. ഇയാൾ ഇവിടെ നിന്നും പ്രതിമാസം 13,000 രൂപയാണ് ശമ്പളമായി കൈപറ്റിയിരുന്നത്. ഇവിടെ തന്നെ മാനേജ്മെന്റിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയായ യശോദയുമായി ചേർന്നാണ് ഹരീഷ് തട്ടിപ്പു നടത്തിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ : സ്‌പോർട്‌സ് കോംപ്ലക്‌സ് ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തത് ശാരദ ആയിരുന്നു. ഹരീഷും ശാരദയും ചേർന്ന് ഛത്രപതി സംഭാജി നഗർ സ്‌പോർട്‌സ് കോംപ്ലക്‌സിൻ്റെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി. ആ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകൾക്കുള്ള ചെക്കിൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഒപ്പ് ആവശ്യമായിരുന്നു. ഇതിനു വേണ്ട വ്യാജരേഖകൾ ശേഖരിച്ച് ബാങ്കിൽ നൽകിയാണ് ഇരുവരും ഇൻ്റർനെറ്റ് ബാങ്കിങ് സേവനം നേടി എടുത്തത്. ഇതിനായി യശോദയുടെ ഭർത്താവ് ജീവൻറെയും സഹായം ഉണ്ടായിരുന്നു. ഇൻ്റർനെറ്റ് ബാങ്കിംഗ് സൗകര്യം നേടിയെടുത്ത ഇവർ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 21.59 കോടി രൂപ മാറ്റുകയും ചെയ്തു. ആ പണം ഉപയോഗിച്ച് ഹരീഷ് കുമാർ സ്വന്തമായി ബി.എം.ഡബ്ല്യു കാറും ബി.എം.ഡബ്ല്യു ബൈക്കും വാങ്ങി. കൂടാതെ കാമുകിക്ക് എയർപോർട്ടിന് സമീപം 4 കിടപ്പുമുറിയുള്ള വീടും വാങ്ങി നൽകി. ഒപ്പം ഹരീഷ് തൻ്റെ കാമുകിക്കായി ഒരു ജോടി ഡയമണ്ട് പതിച്ച കണ്ണട ഒരു പ്രശസ്ത ജ്വല്ലറിയിൽ നിന്ന് ഓർഡർ ചെയ്തു. ജീവനക്കാരിയായ യശോദയുടെ ഭർത്താവ് ജീവൻ 35 ലക്ഷം രൂപയ്ക്ക് സ്വന്തമായി കാറാണ് വാങ്ങിയത്.
6 മാസങ്ങൾക്കു ശേഷം പുറത്തു വന്ന ഈ തട്ടിപ്പിനെതിരെ ഛത്രപതി സംഭാജിനഗർ സ്‌പോർട്‌സ് കോംപ്ലക്‌സ് മാനേജ്‌മെന്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. പോലീസ് അന്വേഷണത്തിനിടെ പഴയ ലെറ്റർപാഡ് ഉപയോഗിച്ച് സ്‌പോർട്‌സ് കോംപ്ലക്‌സ് ഇമെയിൽ ഐ.ഡി മാറ്റാൻ ഹരീഷ് കുമാർ ബാങ്കിൽ അപേക്ഷ നൽകിയതിന്റെ തെളിവുകൾ ലഭിച്ചു. പുതിയ ഇമെയിൽ ഐഡിയിൽ ഒരു അക്ഷരം മാത്രമാണ് അയാൾ മാറ്റിയത്. ബാങ്ക് മാനേജ്‌മെൻ്റ് ഇമെയിൽ ഐഡി മാറ്റിയതിന് ശേഷവും ഹരീഷ് തന്നെ അത് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയ്ക്കും ഡിസംബറിനുമിടയിൽ 12 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇയാൾ പണം ട്രാൻസ്ഫർ ചെയ്തത്. ഹരീഷ് കുമാർ പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു.
നിലവിൽ തട്ടിയെടുത്ത പണം കൊണ്ട് വാങ്ങിയ (1.3 കോടി വിലയുള്ള) കാറുമായി ഒളിവിൽ കഴിയുന്ന ഹരീഷിനെ പോലീസ് തിരയുകയാണ്. ഇയാൾ കാമുകിക്ക് വേണ്ടി വാങ്ങിയ നാല് കിടക്കകളുള്ള വീട്ടിൽ പോലീസ് 4 മണിക്കൂർ റെയ്ഡ് നടത്തി. എന്നാൽ തട്ടിപ്പ് സംബന്ധിച്ച തെളിവുകൾ ഒന്നും ലഭ്യമായിട്ടില്ല. യശോദയ്ക്കും ഭർത്താവിനും ഇതിൽ പങ്കുണ്ടെന്നു വ്യക്തമായതിനാൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ തട്ടിപ്പിൽ സോണൽ സ്‌പോർട്‌സ് വകുപ്പ് ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേതുടർന്നു ഡിപ്പാര്ട്ട്മെൻ്റ് ക്ലാര്ക്ക് അടക്കമുള്ളവരെ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു. കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്താനാണ് പോലീസ് തീരുമാനം. സർക്കാർ പണം കൈകാര്യം ചെയ്തതിൽ ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.