
ബെംഗളൂരു: നഗരത്തിൽ, നാല് വയസുകാരനായ കുട്ടിക്ക് നേരെ റോട്ട് വീലർ നായയുടെ ആക്രമണം (Rottweiler attack). കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ പിതാവിനും കടിയേറ്റു. ബംഗളൂരു ഇന്ദിരാനഗറിലെ ഗണേശ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കുട്ടിയുടെ അയൽവാസിയായ മഗേശ്വരിയുടെയും ഭർത്താവ് സഞ്ജയുടെയും ഉടമസ്ഥതയിലുള്ള നായയാണ് കുട്ടിയെ ആക്രമിച്ചത്.
എട്ട് മാസം മുമ്പാണ് അയൽവാസികളായ കുടുംബം നായയെ വാങ്ങിയത്. അതേസമയം , നായ വളരെ ആക്രമണ സ്വഭാവമുള്ളതാണെന്നും ഇതിന് മുമ്പും ഇത് നിരവധി ആളുകളെ ആക്രമിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ നായ ഉടമകൾ ഇത് അവഗണിച്ചതോടെ നായയെ വീടിനുള്ളിൽ കെട്ടാതെ പുറത്തേക്ക് അലഞ്ഞുതിരിയാൻ വിടുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ജനുവരി അഞ്ചിന് വൈകീട്ട് വീടിന് മുന്നിലെ ചെറിയ ഗേറ്റ് ചാടിക്കടന്ന നായ പുറത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനായ റിഷാനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് കുട്ടിയുടെ പിതാവ് എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും നായയുടെ കടിയേറ്റു.
അതേസമയം , നായയുടെ ആക്രമണ സ്വഭാവം അറിഞ്ഞിട്ടും, ഉടമകൾ അനാസ്ഥ കാട്ടിയതാണ് തങ്ങളുടെ കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിഷന്റെ കുടുംബം പറയുന്നത്. സംഭവത്തിൽ നായയുടെ ഉടമകളായ അയൽവാസികൾക്കെതിരെ കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തു.
റിഷാൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്, അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ചികിത്സാ ബില്ലുകൾ അടയ്ക്കാൻ പാടുപെടുകയാണെന്നും. സാമ്പത്തിക സഹായത്തിനായി നായയുടെ ഉടമകളെ വിളിച്ചെങ്കിലും അവർ പ്രതികരിച്ചില്ലെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിന് ശേഷം നായയെ ഉടമകൾ മറ്റൊരിടത്തേക്ക് മാറ്റിയതായും നാട്ടുകാർ ആരോപിക്കുന്നു.