
ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ അറസ്റ്റിലായി ആറ് മാസത്തിന് ശേഷം മുഖ്യപ്രതി പവിത്ര ഗൗഡ ചൊവ്വാഴ്ച പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങി (Pavithra Gowda). കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈക്കോടതി പവിത്രക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
തിങ്കളാഴ്ച ജാമ്യ നടപടികളെല്ലാം പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെയാണ് പവിത്ര ജയിൽ മോചിതയായത്. പവിത്ര ഗൗഡയ്‌ക്കൊപ്പം മറ്റ് 14 പ്രതികൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓരോരുത്തരും ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയ്ക്ക് രണ്ട് ആൾ ജാമ്യവും നൽകണമെന്നും കോടതി വിധിച്ചിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം, അവർ എന്തിനാണ് തടവിൽ കഴിയേണ്ടതെന്ന് ഫലപ്രദമായി വ്യക്തമാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതിനാൽ എല്ലാ ജാമ്യാപേക്ഷകളും അനുവദിക്കുകയാണെന്ന് 68 പേജുള്ള വിധിന്യായത്തില് കോടതി വ്യക്തമാക്കി.
ജയിൽ മോചിതയായ ശേഷം പവിത്ര ഗൗഡ അമ്മയോടൊപ്പം അവരുടെ കുലദൈവമായ തലഘട്ടപുരയിലെ വജ്രമുനേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രത്യേക പൂജകളും നടത്തി. പൂജയ്ക്കിടെ പവിത്രയുടെ അമ്മ ഭാഗ്യ ദർശനമെന്ന പേരിൽ പ്രത്യേക പ്രാർത്ഥന നടത്തി. തുടർന്ന് കുടുംബം ആർആർ നഗറിലെ വസതിയിലേക്ക് മടങ്ങി.