
അഹമ്മദാബാദ്: ഗുജറാത്തിലെ പാടാൻ ജില്ലയിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിന് വിധേയനായ എംബിബിഎസ് വിദ്യാർത്ഥിമരിച്ചതായി റിപ്പോർട്ട് (Ragging). തുടർച്ചയായി മൂന്ന് മണിക്കൂർ നില്ക്കാൻ ആവശ്യപ്പെട്ട് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതാണ് വിദ്യാർത്ഥി മരണപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ട്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ ഏറെ നേരം നിർത്തിയ ശേഷം ബോധരഹിതയായി വീണു കോളേജിൽ വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ശനിയാഴ്ച നടന്ന സംഭവത്തിൽ കോളേജ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി പാടാനിലെ ധാർപൂരിലുള്ള ജിഎംഇആർഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹോസ്റ്റലിൽ ഇരയായ അനിൽ മെതാനിയ ബോധരഹിതനായി കണ്ടെത്തിയതായി കോളജ് ഡീൻ ഡോ. ഹാർദിക് ഷാ പറഞ്ഞു.
"വിദ്യാർത്ഥി കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു, അവനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു, ഡോക്ടർമാർ നടത്തിയ പരിശോധനയിൽ അവൻ മരണപ്പെട്ടതായി സ്ഥിരീകരിച്ചു," -ഷാ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ കോളേജിലെ റാഗിംഗ് വിരുദ്ധ സമിതി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുതിർന്ന വിദ്യാർത്ഥികൾ റാഗിങ്ങിൽ ഏർപ്പെട്ടാൽ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.