
ഹസ്സൻ: അവിഹിത ബന്ധം പുറത്തായതിന് പിന്നാലെ, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ.
ചന്നരായപട്ടണ താലൂക്കിലെ കുംബരഹള്ളി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശവാസിയായ ലോകേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ സവിതയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് (Woman arrested for getting husband killed).
പോലീസ് പറയുന്നത് പ്രകാരം, ലോകേഷ് 14 വർഷം മുമ്പ് ഹദനഹള്ളി സ്വദേശിനിയായ സവിതയെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. ലോകേഷിന് രണ്ടേക്കർ ഫാമും ഒരു ചരക്ക് വാഹനവും ഉണ്ടായിരുന്നു, അതിൽ നിന്നും നല്ല വരുമാനവും അദ്ദേഹം കണ്ടെത്തിയിരുന്നു. നല്ല രീതിയിൽ തന്നെ അദ്ദേഹം തന്റെ കുടുംബത്തെയും സംരക്ഷിച്ചിരുന്നു. ഇതിനിടെ , ഇവരുടെ വീടിന് എതിർവശത്ത് താമസിക്കുന്ന അരുണുമായി സവിത അടുപ്പത്തിലാകുകയായിരുന്നു. രണ്ടു കുട്ടികളുടെ പിതാവായ അരുൺ ഭാര്യയുമായി വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു.
ഇതിനിടെ, സവിതയും അരുണും തമ്മിലുള്ള ബന്ധം ലോകേഷ് അറിഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ ഇതേച്ചൊല്ലി തർക്കവും ഉണ്ടായി. ഇതോടെയാണ് സവിതയും അരുണും ചേർന്ന് ലോകേഷിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, അരുണും കൂട്ടാളികളും രണ്ടുതവണ ലോകേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും തലനാരിഴക്ക് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന്, ഇക്കഴിഞ്ഞ വ്യാഴാഴ്ച റോഡിൽ ഒരു മരപ്പലകയിൽ ആണി പതിച്ച് പുല്ല് മൂടി കാത്തിരുന്ന അക്രമി സംഘത്തിന് മുന്നിലേക്ക് ലോകേഷ് എത്തുകയായിരുന്നു. ലോകേഷ് സഞ്ചരിച്ച വാഹനം മരപ്പലകയ്ക്ക് മുകളിലൂടെ പാഞ്ഞുകയറുകയും ടയർ പഞ്ചറാകുകയും ചെയ്തു. അദ്ദേഹം ഉടൻ തന്നെ തൻ്റെ ഗ്രാമത്തിലെ സുഹൃത്തായ തമ്മയ്യയെ വിളിച്ച് വിവരം അറിയിക്കുകയും, സഹായിക്കാൻ ആരെയെങ്കിലും കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ, സമീപത്ത് ഒളിച്ചിരുന്ന അക്രമികൾ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം ലോകേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിൻ്റെ മരണവാർത്ത അറിഞ്ഞ സവിത, അരമണിക്കൂറോളം അനങ്ങാതെ കുഴഞ്ഞു വീണതായി നടിച്ചു കിടന്നു. എന്നാൽ, അരുണുമായുള്ള സവിതയുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഗ്രാമവാസികൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സവിതയെ കസ്റ്റഡിയിൽ എടുത്ത പോലീസ്, വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരകൊലപാതകം പുറംലോകം അറിയുന്നത്. തുടർന്ന് സവിതയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേസിലെ മറ്റ് പ്രതികളായ സവിതയുടെ കാമുകൻ അരുണിനും ഇയാളുടെ കൂട്ടാളികൾക്കുമായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.