
ചിക്കബള്ളാപൂർ: ബംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി താലൂക്കിലെ വിജയപുരയിൽ ഇരുചക്ര വാഹനം ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം (Bike accident). 22 വയസ്സുള്ള അർഫാസ്, മനോജ് എന്നിവരാണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത ഇരുവരും ബൈക്കിന്റെ മുൻ ചക്രം ഉയർത്തി അഭ്യാസം കാട്ടുന്നതിനിടെയാണ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചത്. വഴിയോരത്തെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
എതിരെ ട്രക്ക് വരുന്നത് കണ്ടിട്ടും യുവാക്കൾ റോഡിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിജയപുര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ദേവനഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.