
പട്ന: ബിഹാറിലെ മുൻഗറിൽ അനധികൃതമായി തോക്ക് നിർമ്മിച്ചിരുന്നു ഫാക്ടറി കണ്ടെത്തി പോലീസ് (Mini gun factory ). ആയുധങ്ങളും ഉപകരണങ്ങളുമായി 5 വ്യവസായികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചൻഗഡിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കാഞ്ചൻഗഢ് സ്വദേശി പരേതനായ അശ്വിനി പ്രസാദ് യാദവിൻ്റെ മകൻ ശിവം യാദവിൻ്റെ വീട്ടിൽ ആയുധ നിർമാണം നടക്കുന്നതായാണ് പോലീസിന് രഹസ്യ വിവരം ലഭിച്ചത്.
ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്പിയുടെ നിർദേശപ്രകാരം മുൻഗർ എസ്ഡിപിഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. പ്രത്യേക സംഘം ശിവമിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ പോലീസും അമ്പരന്നു. വീട്ടിൽ ആയുധ നിർമാണ ഫാക്ടറി പ്രവർത്തിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഫാക്ടറിയുടെ നടത്തിപ്പുകാരിൽ ഒരാളും , നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരാളും ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവിടെ നിന്നും 01 അയൺ ഹാൻഡ് ഡ്രിൽ മെഷീൻ, 01 സെമി-ഫിനിഷ്ഡ് വാൾ, 05 ഇരുമ്പ് കൊണ്ട് നിർമ്മിച്ച സെമി-ഫിനിഷ്ഡ് ബാരലുകൾ, 13 സെമി-ഫിനിഷ്ഡ് ഇരുമ്പ് ട്രിഗറുകൾ, 02 മൊബൈൽ ഫോണുകൾ, മറ്റ് ചെറുതും വലുതുമായ ആയുധങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു.