
അൻവർ ഷരീഫ്
കൊച്ചി : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽപ്പെടുന്ന മുടക്കോയ് മലയിലെ വ്യാപക ചെങ്കൽ ഖനനം (Quarrying) മൂലം രൂപപ്പെട്ട വലിയ കുഴികൾ വാട്ടർ ബോംബായി പരിസരത്തെ നാല് വാർഡുകൾക്ക് വൻ ദുരന്തം വിതക്കും എന്ന മുന്നറിയിപ്പ് നൽകിയിട്ടും കുഴി മൂടാനുള്ള ഒരു നപടിയും സ്വീകരിക്കാതെ ബന്ധപ്പെട്ട വകുപ്പുകൾ. ഈ സാഹചര്യത്തിൽ പരിസരവാസികളും പരിസ്ഥിതി സംഘടനകളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. അടിയന്തിരമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
മലപ്പുറം ജില്ലാ കളക്ടർ , സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ്, സംസ്ഥാന ചൈൽഡ് പ്രോട്ടക്ഷൻ , ജില്ലാ മൈനിംഗ് അൻ്റ് ജിയോളജി, കൊണ്ടോട്ടി തഹസിൽദാർ ,വാഴക്കാട് വില്ലേജ് ഓഫീസർ, വാഴക്കാട് ഗ്രാമപഞ്ചായത്ത് എന്നീ ബന്ധപ്പെട്ട വകുപ്പുകൾക്കും ചെങ്കൽ കോറി ഉടമസ്ഥർക്കെതിരെയും അടിയന്തിര നടപടി സ്വീകരിക്കാൻ കോടതി നോട്ടീസ് അയച്ചു.
നൂറ് കണക്കിനു ലോറികൾ ഉപയോഗിച്ചുള്ള ചെങ്കൽ ഖനനം മൂലം ഗ്രാമീണ റോഡുകൾ നശിപ്പിച്ച് വലിയ പരിസര മലിനീകരണം വിതച്ചപ്പോഴാണ് പരിസരവാസികളും നാട്ടുകാരും ആക്ഷൻ കമ്മിറ്റി രൂപികരിച്ച് പരാതിയുമായി ബന്ധപ്പെട്ട വകുപ്പുകളെ സമീപ്പിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ വർഷങ്ങളായി തുടരുന്ന ചെങ്കൽ ഖനനത്തിനെതിരെ വാഴക്കാട് ഗ്രാമപഞ്ചായത്ത് 15, 16 വാർഡുകൾ സംയുക്തമായി ഗ്രാമസഭ വിളിച്ചു ചേർത്ത് ഖനനം നിർത്തലാക്കാൻ തീരുമാനിക്കുകയും പഞ്ചായത്ത് ബോർഡ് ഐക്യകണ്ഡേന തീരുമാനിക്കുകയും ലൈസൻസോടെ പ്രവർത്തിക്കുന്ന കോറി ഓണർമാർക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തത്.
മാത്രമല്ല മുടക്കോയ് മലയിലെ ചെങ്കൽ ഖനനം മൂലം ജൈവവൈവിദ്യങ്ങൾ നശിപ്പിച്ചതായും സംസ്ഥാന ജൈവ വൈവിദ്യ ബോർഡിൻ്റെ ഉദ്യോഗസ്ഥർ സ്ഥല പരിശോധനയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു. പഞ്ചായത്തും ജില്ലാ ജിയോളജിസ്റ്റും, ഫോറസ്റ്റ് വകുപ്പും നടത്തിയ സംയുക്ത്ത പരിശോനയിൽ കോറികൾ എല്ലാ നിയമ വ്യവസ്ഥയും ലംഘിച്ചാണ് ഖനനം ചെയ്യുന്നത് എന്ന് കണ്ടെത്തി. പ്രദേശത്തെ ജല ലഭ്യതക്ക് വൻ തകരാറ് സംഭവിച്ചതായും അതിനെതിരെ വിധഗ്ധ പരിശോധന നടത്താനും വാഴക്കാട് ഗ്രാമപഞ്ചായത്ത് വിദഗ്ധ പരിശോധന നടത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഏൽപ്പിക്കാനും തീരുമാനിച്ചിരുന്നു, ഇതിൻ്റെ അടിസ്ഥാനത്തിൽ അതിൻ്റെ ഫണ്ട് വകയിരുത്താൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിരുന്നു.
മാത്രമല്ല സംസ്ഥാന പരിസ്ഥിതി ആഘാത പഠനസമിതി ( SEIAA ) പരിസരവാസികളുടെ പരാതിയിൽ, ബോർഡ് പ്രത്യേക മീറ്റിംഗ് ചേരുകയും വിധഗ്ദ സമിതി സബ് കമ്മിറ്റിയെ നിയമിച്ച് സ്ഥല പരിരോധന നടത്തിയതിൽ ക്വാറി മുതലാളിമാർ വ്യാപക നിയമ ലംഘനം നടത്തിയതായി റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ വർഷകാലത്തെ ശക്തമായ മഴയിൽ മലയിൽ നിന്നും ഗതി മാറി ഉൽഭവിച്ച വെള്ളത്തിൻ്റെ ഒഴുക്ക് കാരണം താഴെ പ്രദേശത്തെ ഒട്ടനവധി വീടുകളുടെ സുരക്ഷാ മതിൽ തകരുകയും വീടിന് വരെ വിള്ളൽ സംഭവിക്കുകയും ചെയ്തത് സംസ്ഥാന പരിസ്ഥിതി ആഘാത പഠനവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധിച്ചതുമാണ്. ചെറുവായൂർ മാട്ടറമൂല ഭാഗത്ത് നിന്ന് പ്രത്യക്ഷപ്പെട്ട വൻ ഉറവ പൊട്ടി പുറപ്പെട്ടത് മൂലം ജില്ലാ പോലീസ് മേധാവിയുടെ നിർദേശം അനുസരിച്ച് കൊണ്ടോട്ടി ഡിവൈഎസ്പിയും വാഴക്കാട് പോലീസും രാത്രി സ്ഥലം സന്ദർശിക്കുകയും പരിസരവാസികളോട് മാറി താമസിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നതായും . പകൽ നടത്തിയ സ്ഥല പരിശോധനയിൽ മലക്ക് മുകളിൽ ചെങ്കൽ വെട്ടി ഉപേക്ഷിച്ച് പോയ കുഴികളുടെ ഭാഗത്ത് വിള്ളൽ കണ്ടെത്തുകയും ചെയ്തതായും നാട്ടുകാർ പറയുന്നു.
വാഴക്കാട് പഞ്ചായത്തിലെ മുടക്കോയ് മല പരിസരവാസികളായ ആയിരക്കണക്കിന് ആളുകൾ ചെങ്കൽ ഖനനം നിർത്തിവെപ്പിക്കാനും ഖനനം മൂലം ഉണ്ടാക്കിയ വലിയ കുഴികൾ നികത്താൻ ക്വാറിഉടമകൾക്കെതിരെ നടപടി സ്വീകരിക്കാനും വാഴക്കാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ജനപ്രതിനിധികളും പങ്കെടുത്ത മാർച്ചിൽ കൊണ്ടോട്ടി MLA ടി.വി ഇബ്രാഹിം ആണ് ഉദ്‌ഘാടനം ചെയ്തത്. മുടക്കോയി മലപരിസരത്ത് താമസിക്കുന്ന SC -ST വിഭാഗത്തിൽ പെട്ടവരുടെ പരാതിയിൽ സംസ്ഥാന SC- ST കമ്മീഷൻ ഇടപ്പെട്ട് ജിയോളജി വകുപ്പിനോട് ആവശ്യപ്പെട്ട്, നിലവിൽ ലഭിച്ച അനുമതി ക്യാൻസൽ ചെയ്യിപ്പിക്കുകയും ഖനനം നിർത്തിവെപ്പിക്കുകയും ചെയ്തതാണ്.
നിരവധി സമരങ്ങളും പരാതികളും നൽകിയിട്ടും വീണ്ടും ഖനനം നടത്താനുള്ള പദ്ധതികൾ കണ്ടപ്പോഴാണ് ആക്ഷൻ കമ്മിറ്റിയും മറ്റ് പരിസ്ഥിതി സംഘടനകളായ സംസ്ഥാന ഗ്രീൻ മൂവ്മെൻും,ചാലിയാർ സംരക്ഷണ സമിതിയും,മുടക്കോഴിമല സംരക്ഷണ സമിതിയും ഹൈക്കോടതിയെ സമിപ്പിക്കാൻ തീരുമാനിച്ചത്.ഇതിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേരള ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ജില്ലയിലും സമീപ ജില്ലകളിലെവിടേയും കാണാത്ത തോതിൽ വർഷങ്ങളായി അനതികൃത ചെങ്കല്ല് ഖനം നിർബാധം തുടരുന്നുണ്ട്. വിവിധ പരിസ്ഥിതി സംഘടനകൾ സമര രംഗത്തുണ്ടെങ്കിലും ഉദ്യോഗസ്ഥലത്തിൽ അനധികൃത ഖനനങ്ങൾക്കെതിരെ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. അപൂർവ്വമായി ഒറ്റപ്പെട്ടതും അപൂർണ്ണമായതുമായ നടപടികൾ സ്വീകരിക്കപ്പെടാറുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ പ്രദേശത്ത് " വാട്ടർ ബോംബ് " എന്നതിന് സമാനമായ ഭീതി നിലനിൽക്കുന്ന മുടക്കോഴിമലയുടെ പരിസരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംഘടനകളുടെ സഹകരണത്തോടെ സമീപിച്ചപ്പോൾ ഗ്രീൻ മൂവ്മെന്റിന്റെ ഭാഗത്തു നിന്നും ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്, സഹന സമരവുമായി സഹകരിച്ചിട്ടുമുണ്ട്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഇടപെടൽ പരിസ്ഥിതി രംഗത്തെ കാതലായ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു.
ടി.വി. രാജൻ
ജനറൽ സെക്രട്ടറി
കേരള ഗ്രീൻ മൂവ്മെൻറ്
വാഴക്കാട് പഞ്ചായത്തിലെ 3 വാർഡിലെ ജനങ്ങളുടെ അതിജീവനം ,ഈ പ്രദേശത്തെ കുട്ടികളും നാട്ടുകാരും സ്ത്രീകളും ഒത്തൊരുമിച്ചതിന് ഉത്തമ ഉദാഹരണമാണ് മുടക്കോഴിമല അതിജീവന സമരം രാഷ്ട്രീയ സ്വാധീനവും മാഫിയ സ്വാധീനവും ഒത്തൊരുമിച്ച് നിന്നപ്പോഴും ഈ മാഫിയകളെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് തടയിടാൻ കഴിയുമെന്നുള്ളതിന്റെ തെളിവാണ് കേരള ഹൈക്കോടതിയുടെ ഇടപെടൽ. നിരവധി സംഘടനകൾ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോഴും ചാലിയാർ സംരക്ഷണ ഏകോപന സമിതിക്ക് ഈ വിഷയത്തിൽ ഇടപെടാതെ ഇരിക്കാൻ കഴിയില്ല. കാരണം ഈ മുടക്കോഴി മലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചാലിയാറിലേക്ക് ചെറു നീർ ചോലകളും പിന്നീട് അത് വലിയ തോടുകളായും പരിണമിച്ചു വാഴക്കാട് ചാലിയാറിലേക്ക് എത്തിപ്പെടുകയാണ്.
ഇങ്ങനെ ഒരു ചാലിയാറിന്റെ അതിജീവനം പറയുന്ന സംഘടനക്ക് ഈ ഒരു ഇടപെടൽ വലിയ ഒരു മുതൽക്കൂട്ട് തന്നെയാണ് .പ്രകൃതിയെ മുച്ചൂട് മുടിച്ചുകൊണ്ട് നടക്കുന്ന അനധികൃത ചെങ്കൽ ഖനനപ്രവർത്തനം എന്ന രീതിയിൽ ചാലിയാർ സംരക്ഷണ ഏകോന സമിതി ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്ത് വ്യാപകമായി വയലുകൾ മണ്ണിട്ട് നികത്തി തരം മാറ്റുകയും അനധികൃതമായ ചെങ്കൽ ഖനനങ്ങൾ നടത്തുകയും അനധികൃത കളിമൺ ഖനനം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ പ്രദേശത്ത് ശക്തമായ ഒരു ഇടപെടൽ വേണമെന്ന് തന്നെയാണ് ചാലിയാർ സംരക്ഷണ ഏകോപന സമിതിയുടെ അഭിപ്രായം.അതോടൊപ്പം തന്നെ ഈ കൊണ്ടോട്ടി താലൂക്കിലെ ഒട്ടുമിക്ക മൈനിങ് വിഷയങ്ങൾക്ക് ഒത്താശ ചെയ്യുന്നത് കൊണ്ടോട്ടി താലൂക്ക് ഓഫീസിലെ ചില ഉദ്യോഗസ്ഥരാണ്.
മണ്ണ്, മണൽ, കളിമൺ മാഫിയകൾക്ക് ഒത്താശ ചെയ്യുന്നത് കൊണ്ടോട്ടി താലൂക്ക് ഓഫീസിൽ നിന്നാണ് എന്നും ഇതിൽ നിന്ന് വിഭിന്നമാണ് വാഴക്കാട് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ. വാഴക്കാട് പഞ്ചായത്തിലെ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകൻ മുഹമ്മദ് കുഞ്ഞി കോയ നൽകിയ നിരവധി പരാതികൾ അതിൻറെ പകർപ്പുകൾ അദ്ദേഹത്തിൻറെ വീട്ടിലിരിക്കുകയാണ് എന്നാൽ ഈ പരാതിയിൽ മേൽ ഒരു നടപടികളും സ്വീകരിച്ചതായി അറിവില്ല പരാതി നൽകിയാൽ നടപടി സ്വീകരിക്കണം എന്നിരിക്കെ പരാതികൾക്ക് പുല്ലവില പോലും കൽപ്പിക്കാത്ത ഉദ്യോഗസ്ഥരാണ് ഒട്ടുമിക്ക ഭരണസരാ കേന്ദ്രങ്ങളിലും ഇരിക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ.
മുസ്തഫ മമ്പാട്
ചെയർമാൻ
ചാലിയാർ പുഴ സംരക്ഷണ ഏകോപനസമിതി