

അഹമ്മദാബാദ്: സമാനതകളില്ലാത്ത ഒരു ഇൻഷുറൻസ് തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ ഗുജറാത്തിൽ നിന്നും പുറത്ത് വരുന്നത് (Insurance fraud). ഗുജറാത്തിലെ പഞ്ച്മഹൽ, ദാഹോദ്, മഹിസാഗർ ജില്ലകളിലെ വിവിധ വാഹനാപകട കേസുകളിൽ ഉൾപ്പെട്ട അസ്ലം മുഹമ്മദ് ചുഞ്ചല എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വൻ ഇൻഷുറൻസ് തട്ടിപ്പിന്റെ കഥ പുറത്ത് വരുന്നത്.
ഗോധ്ര പോലീസ് സ്‌റ്റേഷനിൽ ഒരു അപകട കേസിൽ, ഡ്രൈവർ അസ്ലം മുഹമ്മദ് ചുഞ്ചലയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇയാളുടെ രേഖകൾ പരിശോധിച്ചപ്പോൾ ഈ കേസിൽ കേസിൽ മാത്രമല്ല, പഞ്ച്മഹൽ, ദഹോദ്, മഹിസാഗർ ജില്ലകളിൽ നടന്ന വിവിധ വാഹനാപകട കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസിന് മനസ്സിലായി.
ഈ അപകടക്കേസുകളിലെല്ലാം ഇൻഷുറൻസ് തുക ഇരകളിലേക്കാണ് എത്തിയെന്നതും ആശ്ചര്യകരമായി പൊലീസിന് തോന്നി. പണം നൽകിയ കേസിലെല്ലാം ഇയാളാണ് ഡ്രൈവറെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ, നടന്നതൊന്നും വെറുമൊരു അപകടക്കേസല്ലെന്നും, പിന്നിൽ വൻ ഇൻഷുറൻസ് തട്ടിപ്പാണെന്നും പോലീസ് മനസ്സിലാക്കി.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഏരിയ മാനേജർ കൽപേഷ് പ്രജാപതി ഗോധ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി നൽകിയതോടെയാണ് വമ്പൻ തട്ടിപ്പ് പുറത്ത് വരുന്നത്. പരാതി പ്രകാരം, 2015 ഒക്ടോബറിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഗോധ്ര മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ 2016-ൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് , ഇൻഷുറൻസ് കമ്പനി അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചു. അപകടത്തിൽ ഡ്രൈവറായി രേഖപ്പെടുത്തിയ വ്യക്തി അസ്ലം ചുഞ്ച്ലയാണെന്ന് കണ്ടെത്തി. എന്നാൽ ഇതേ അസ്ലം ചുഞ്ച്‌ല മറ്റ് നിരവധി അപകട കേസുകളിലും ഡ്രൈവറായിരുന്നുവെന്ന് ഏജൻസി കണ്ടെത്തി. ഇതോടെയാണ് ഇൻഷുറൻസ് കമ്പനി പോലീസിനെ സമീപിച്ചത്.
അപകടക്കേസുകളിൽ, ഡ്രൈവറെന്ന വ്യാജേന ഇൻഷുറൻസ് ക്ലെയിം സമർപ്പിച്ചതിൽ പ്രതി അസ്ലം ചുഞ്ചലയ്ക്ക് പങ്കുള്ളതായി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, സമാനമായ 24 തട്ടിപ്പ് കേസുകൾ കണ്ടെത്തി, അതിൽ ചുഞ്ച്ലയെ ഡ്രൈവറോ വാഹന ഉടമയോ ആയി ഉൾപ്പെടുത്തിയിരുന്നതായും വ്യക്തമായി. ഇതോടെയാണ് , നടന്നത് വൻ ഇൻഷുറൻസ് തട്ടിപ്പാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.പോലീസിനെപ്പോലും ഞെട്ടിച്ചുകൊണ്ട് ഇൻഷുറൻസ് കമ്പനികളെ കാര്യമായ തോതിൽ കബളിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
തട്ടിപ്പിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ ഗോധ്ര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.