
മുംബൈ : മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലെ ചന്ദ്ഗഡ് താലൂക്കിലെ മഹാഗാവിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എംഎൽഎ ശിവാജി പാട്ടീലിൻ്റെ സ്വീകരണത്തിനിടെ വൻ അപകടം. വിജയത്തിന് ശേഷം മണ്ഡലം സന്ദർശിക്കാനെത്തിയ എംഎൽഎയെ സ്വീകരിക്കാൻ പടക്കം പൊട്ടിക്കുകയായിരുന്നു, ഇതിനിടെ തീപിടുത്തമുണ്ടാകുകയായിരുന്നു. എം.എൽ.എ.ക്ക് സ്ത്രീകൾ ആരതി അർപ്പിക്കുന്നതിനിടെയാണ് പടക്കത്തിന് തീ പിടിച്ചതെന്നും റിപ്പോർട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എം.എൽ.എ ശിവാജി പാട്ടീലിൻ്റെ ആരതി നടക്കുമ്പോൾ ജെ.സി.ബി യന്ത്രം ഉപയോഗിച്ച് കളർ പൊടികൾ വായുവിൽ സ്‌പ്രേ ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്നാൽ പെട്ടെന്ന് തീ ആളിപ്പടരുകയും ചുറ്റുപാടിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു. തീപിടുത്തത്തിൽ നിരവധി സ്ത്രീകൾക്കും എംഎൽഎ ശിവാജി പാട്ടീലിനും നിസ്സാര പരിക്കേറ്റു.
ശനിയാഴ്ചയാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഇതിൽ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) ഭൂരിപക്ഷം ലഭിച്ചു. സംസ്ഥാനത്തെ ചന്ദ്ഗഢിൽ നിന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥി ശിവാജി പാട്ടീൽ വിജയിച്ചത്. ശിവാജി പാട്ടീൽ തൻ്റെ എതിരാളി എൻസിപിയിലെ രാജേഷ് പാട്ടീലിനെ 24,134 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. ഈ വിജയത്തിന് ശേഷം ഏറെ ആഘോഷങ്ങളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. തുടർന്നാണ് അപകടവും നടന്നത്.