അധികൃതരുടെ അനാസ്ഥ: സ്‌കൂളിലെ ടോയ്‌ലറ്റിനു സമീപം പൊട്ടിയ വൈദ്യുതി കമ്പിയിൽ ചവിട്ടി; രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

അധികൃതരുടെ അനാസ്ഥ: സ്‌കൂളിലെ ടോയ്‌ലറ്റിനു സമീപം പൊട്ടിയ വൈദ്യുതി കമ്പിയിൽ ചവിട്ടി; രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Published on

ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ ഹാലിയ താലൂക്കിലെ മുണ്ടവാഡ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ മൂത്രമൊഴിക്കാൻ പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുത സർവ്വീസ് കമ്പിയിൽ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർഥിനി സാൻവി ബസവരാജ ഗൗളി (8) ആണ് മരിച്ചത്. (Tragic incident)

സ്‌കൂളിലെ ടോയ്‌ലറ്റിനു സമീപം പൊട്ടിയ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് സാൻവിയെ വൈദ്യുതാഘാതമേറ്റതെന്ന് പോലീസ് പറഞ്ഞു. പുതുതായി കുഴിച്ച കുഴൽക്കിണറിലൂടെ വെള്ളം പമ്പ് ചെയ്യുന്നതിനായി കുഴൽക്കിണറിൽ കമ്പി ഘടിപ്പിച്ചിരുന്നു. ഹെസ്‌കോമിൻ്റെ ഡിസ്ട്രിബ്യൂഷൻ ലൈനിലെ സർവീസ് ലൈനുമായി ബന്ധിപ്പിച്ച് അനധികൃതമായി വൈദ്യുതി കണക്ഷൻ നൽകിയയാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. കുട്ടികൾ ഉപയോഗിക്കുന്ന ടോയ്‌ലറ്റിനുള്ളിൽ കമ്പികൾ പൊട്ടിയ നിലയിലായിരുന്നു. ശുചിമുറിയിലെത്തിയ സാൻവി വൈദ്യുത കമ്പിയിൽ ചവിട്ടുകയും, വൈദ്യതാഘാതമേറ്റ് തൽക്ഷണം മരിക്കുകയുമായിരുന്നു എന്നാണ് ഗ്രാമവാസികൾ പറയുന്നത്.

ഈ ദാരുണമായ സംഭവത്തിൽ അമ്പതോളം വീടുകളുള്ള ഗ്രാമം മുഴുവൻ ദുഃഖത്തിൽ മുങ്ങിയിരിക്കുകയാണ്. അനധികൃത വൈദ്യുതി കണക്ഷൻ ശ്രദ്ധയിൽപ്പെട്ടിട്ടും ഹെസ്‌കോം അധികൃതർ കണ്ണടച്ചതായി നാട്ടുകാർ ആരോപിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഹാലിയ തഹസിൽദാരും സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടിയുടെ മൃതദേഹം ഹാലിയ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടത്തി. സംഭവമറിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവും ഹാലിയ എംഎൽഎയുമായ ആർവി ദേശ്പാണ്ഡെ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ടു. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com