
ചിക്കമഗളൂർ: പതിറ്റാണ്ടുകൾക്ക് ശേഷം കർണാടകയിലെ , ചിക്കമഗളൂർ ജില്ലയിൽ നക്‌സലൈറ്റുകളുടെ നീക്കമുണ്ടെന്ന് സംശയിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് നക്‌സൽ വിരുദ്ധ സേന (എഎൻഎഫ്) പരിശോധന ആരംഭിച്ചു. എഎൻഎഫ് എസ്പി ജിതേന്ദ്രകുമാർ ദയം, ചിക്കമംഗളൂരു എസ്പി വിക്രം ആംതെ, ഐജിപി (വെസ്റ്റ്) അമിത് സിങ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. (Naxal movement )
ആറംഗ നക്‌സലൈറ്റ് സംഘം കഴിഞ്ഞയാഴ്ച ശൃംഗേരി താലൂക്കിലെ വനാതിർത്തിയിലുള്ള ഒരു ചെറിയ കുഗ്രാമം സന്ദർശിച്ചതായാണ് രഹസ്യ വിവരം ലഭിച്ചത്. നക്സൽ അനുഭാവികളെന്ന് പറയപ്പെടുന്ന രണ്ട് യുവാക്കളെ കോപ്പ താലൂക്കിലെ മേഗൂരിനടുത്തുള്ള യെഡഗുണ്ട ഗ്രാമത്തിൽ നിന്ന് എഎൻഎഫും പോലീസും ചോദ്യം ചെയ്യുന്നതിനായി പിടികൂടിയിരുന്നു. കേരളത്തിൽ നിന്നുള്ള നക്‌സലൈറ്റ് മുണ്ടഗരു ലതയുമായി ബന്ധപ്പെട്ട കത്ത് കൊണ്ടുവരാൻ ഈ രണ്ട് യുവാക്കൾ ബംഗളൂരുവിലേക്ക് പോയപ്പോഴാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.
ജില്ലയിലെ ശൃംഗേരി, കലശ, കോപ്പ താലൂക്കുകളിൽ കൊടുംവനങ്ങളുള്ളതിനാൽ, ഈ മേഖലയിൽ നക്‌സൽ പ്രവർത്തനം വർധിച്ചതായി സംശയിക്കുന്നു. സംഭവവികാസങ്ങളെത്തുടർന്ന്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.