
ഗ്വാളിയോർ : വിവാഹത്തെ എതിർത്ത മകളെ പോലീസിന് മുന്നിൽ അച്ഛൻ വെടിവെച്ചു കൊലപ്പെടുത്തി (Father kills daughter). മധ്യപ്രദേശിലെ, ഗ്വാളിയോറിനടുത്തുള്ള കൊൽക്ക മന്ദിർ പ്രദേശത്തെ മഹേഷ് ഗുജാർ എന്നയാളാണ് മകളായ തനു ഗുജാർ (20) നെ ദാരുണമായി കൊലപ്പെടുത്തിയത്.
ഉത്തർപ്രദേശ് സ്വദേശിയായ യുവാവും തനുവും തമ്മിൽ പ്രണയത്തിലായിരുന്നു. 6 വർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും ബന്ധം തനുവിന്റെ വീട്ടുകാർ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് നിഷേധിച്ചു. കൂടാതെ ജനുവരി 18ന് ഒരു ബന്ധുവുമായുള്ള തനുവിൻ്റെ വിവാഹവും ഇവർ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ , ഈ വിവാഹത്തിന് വിസമ്മതിച്ച യുവതിയെ പിതാവ് ക്രൂരമായി മർദിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ, വേദന സഹിക്കാനാകാതെ തനു തൻ്റെ സോഷ്യൽ മീഡിയ പേജിൽ, തൻ നേരിടുന്ന പീഡനത്തെക്കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
'എൻ്റെ ഇഷ്ടത്തിന് വിരുദ്ധമായി എൻ്റെ അച്ഛൻ മഹേഷ് എന്നെ ഒരാൾക്ക് വിവാഹം കഴിച്ചു നല്കാൻ പോകുകയാണ്. ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല. അതുകൊണ്ട് അച്ഛൻ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. എൻ്റെ ജീവന് അപകടമുണ്ടായാൽ ഉത്തരവാദി എൻ്റെ അച്ഛനും കുടുംബവുമാണ്,' വീഡിയോയിൽ യുവതി പറഞ്ഞിരുന്നു.
വീഡിയോ വൈറലായതോടെ പോലീസ് സ്ഥലത്തെത്തി, തനുവിനെ കുടുംബാംഗങ്ങൾക്കൊപ്പം നിർത്തി കാര്യങ്ങൾ ചോദിക്കുന്നതിനിടെ
കയ്യിലുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് മകൾ തനുവിനെ മഹേഷ് വെടിവച്ചു. ഇയാൾക്കൊപ്പം ബന്ധുവായ രാഹുലും തോക്കുപയോഗിച്ച് നിറയൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ താണു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഇതേത്തുടർന്ന് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട രാഹുലിനായി തിരച്ചിൽ നടത്തുകയാണ്.