നീലഗിരി: പരീക്ഷയിൽ മാർക്ക് വാഗ്ദാനം ചെയ്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ഡോക്ടറെ ഊട്ടി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്. സർവ്വകലാശാല അധികൃതരുമായുള്ള സ്വാധീനം ഉപയോഗിച്ച് വിജയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ കെണിയിൽ വീഴ്ത്തിയത്.(Medical student raped in Ooty by promising marks in exam, Doctor arrested)
പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി ഡോക്ടർ വിദ്യാർത്ഥിനിയെ ഒരു സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടൽ മുറിയിൽ വെച്ച് പെൺകുട്ടിക്ക് മദ്യം നൽകിയ ശേഷം അനുവാദമില്ലാതെ ലൈംഗികമായി പീഡിപ്പിച്ചു.
മദ്യലഹരിയിൽ നിന്ന് മോചിതയായ പെൺകുട്ടിയും ഡോക്ടറും തമ്മിൽ ഹോട്ടൽ മുറിയിൽ വെച്ച് തർക്കമുണ്ടായി. പെൺകുട്ടിയുടെ കരച്ചിലും ബഹളവും കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

