
ബെംഗളൂരു: ശിവാജിനഗറിലെ മൊബൈൽ കടയിൽ വൻ മോഷണം (Massive theft). മുഖംമൂടി ധരിച്ചെത്തിയ രണ്ട് മോഷ്ടാക്കൾ ആണ് കവർച്ച നടത്തിയത്.
ഷട്ടർ തകർത്ത് കടയുടെ അകത്ത് കയറിയ സംഘം രണ്ട് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 25 മൊബൈൽ ഫോണുകളും കവർന്നു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഡിസംബർ 11 ന് പുലർച്ചെ 3.25 ഓടെ, വിശ്വാസ് കമ്മ്യൂണിക്കേഷൻ എന്ന മൊബൈൽ സ്റ്റോറിൽ കയറിയ മോഷ്‌ടാക്കൾ 25 ഓളം മൊബൈൽ ഫോണുകൾ ബാഗിൽ നിറച്ച ശേഷം ഡ്രോയറിലെ രണ്ട് ലക്ഷം രൂപ കവരുകയായിരുന്നു.
മോഷണവുമായി ബന്ധപ്പെട്ട് അജ്ഞാതരായ രണ്ട് പേർക്കെതിരെ ശിവാജിനഗർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.