രണ്ട് പെൺമക്കളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി, പിന്നാലെ വിഷ കുടിച്ചു, വീടിന് തീയിട്ടു ; പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം, യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ | Rajasthan Crime News
ശ്രീഗംഗാനഗർ: യുവതി തന്റെ തൻ്റെ രണ്ട് പെൺമക്കളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു (Rajasthan Crime News).
രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ കരൺപൂരിൽ ആണ് ദാരുണ കൊലപാതകവും ആത്മഹത്യാ ശ്രമവും നടന്നത്. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി വിഷം കഴിക്കുകയും , വീടിനു തീയിടുകയും ചെയ്തതായാണ് റിപ്പോർട്ട്. അതേസമയം , നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിവാഹിതയായ യുവതിയുടെ ഭർത്താവ് ജോലിക്കായി വിദേശത്തേക്ക് പോയതായാണ് പോലീസ് പറയുന്നത്. സ്ത്രീ തൻ്റെ രണ്ട് പെൺമക്കളെയും വീട്ടിൽ നിർമ്മിച്ച വാട്ടർ ടാങ്കിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം യുവതി തൻ്റെ മുറിയിലേക്ക് വരികയും വിഷം കുടിച്ച ശേഷം മുറിക്ക് തീകൊളുത്തുകയുമായിരുന്നു. സംഭവത്തിന് മുൻപ് യുവതി പാടമ്പൂരിൽ താമസിക്കുന്ന സഹോദരന് സന്ദേശം അയച്ചിരുന്നു. ഈ ലോകം വിടുകയാണെന്നായിരുന്നു സന്ദേശം.
സഹോദരിയുടെ സന്ദേശം കണ്ടു പരിഭ്രാന്തനായ സഹോദരൻ, ഉടൻ തന്നെ ഒരു ബന്ധുവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഈ സമയം യുവതിയുടെ അമ്മായിയമ്മയും അമ്മായിയപ്പനും മറ്റ് കുടുംബാംഗങ്ങളും കൃഷിയിടത്തിലേക്ക് പോയിരിക്കുകയായിരുന്നു. സഹോദരൻ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ബന്ധു യുവതി താമസിക്കുന്ന വീട്ടിൽ എത്തിയപ്പോൾ , മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് മുറി തുറന്നത്.
അതേസമയം , മുറിയിലെ തീ അണയ്ക്കാൻ വാട്ടർ ടാങ്ക് തുറന്നപ്പോഴാണ് രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
നിലവിൽ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവതി ഇത്തരത്തിലുള്ള ഒരു കൃത്യം നടത്താനുള്ള കാരണം അറിവായിട്ടില്ല. നിലവിൽ പോലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണ്.

