

പട്‌ന: ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിലെ ശാസ്ത്രി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ എക്‌സൈസ് വകുപ്പ് അധികൃതർ വൻ തോതിൽ അനധികൃത മദ്യം പിടികൂടി. ആഡംബര കാറിൽ കടത്താൻ ശ്രമിച്ച രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന വിദേശമദ്യമാണ് കണ്ടെടുത്തത് (Liquor seized in Bihar ). കാറിൽ നിന്ന് 27 കാർട്ടൺ ടെട്രാ പാക്ക് മദ്യം കണ്ടെടുത്തതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ കാർ ഡ്രൈവർ സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജെഎച്ച് 05ഡിഎഫ് 0533 എന്ന ജാർഖണ്ഡ് രജിസ്‌ട്രേഷൻ നമ്പറിലുള്ള കാറിൽ വൻതോതിൽ മദ്യം കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, പട്‌ന മൃഗശാലയ്ക്ക് സമീപം പോലീസ് പ്രസ്തുത കാർ തടഞ്ഞുനിർത്തി, കാർ പരിശോധിച്ചപ്പോൾ അതിൽ നിന്ന് 27 കാർട്ടൺ ടെട്രാ പാക്ക് മദ്യം കണ്ടെടുത്തു.
പട്‌ന എയിംസിൽ നിന്ന് രാജീവ്നഗറിലേക്ക് കൊണ്ടുപോകുകയായിരുന്നു ഈ മദ്യശേഖരമെന്ന് പോലീസ് പറഞ്ഞു. അതിൻ്റെ ഡെലിവറി അഗംകുവൻ ഏരിയയിൽ നടത്തേണ്ടതായിരുന്നു. പോലീസ് കാർ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ താൻ ഈ ബിസിനസിൽ പുതിയ ആളാണെന്ന് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.