
കൈമൂർ: എട്ടു വർഷത്തോളമായി മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിൽ വൻ അനധികൃത മദ്യ വേട്ട (Liquor smuggling). കൈമൂർ ജില്ലയിൽ വെച്ച് ട്രക്കിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ അനധികൃത മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ ട്രക്കിൻ്റെ ഡ്രൈവറെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓറഞ്ച് കയറ്റുവന്ന വാഹനത്തിലാണ് സംഘം മദ്യം കടത്താൻ ശ്രമിച്ചത്. എന്നാൽ ബീഹാറിലേക്ക് കടന്ന ഉടൻ കൈമൂർ ജില്ലയിൽ വെച്ച് എക്സൈസ് വകുപ്പ് ട്രക്ക് പിടികൂടുകയായിരുന്നു. ട്രക്ക് ഡ്രൈവർ രാജസ്ഥാൻ സ്വദേശിയാണ്. ഡൽഹിയിൽ നിന്ന് ബീഹാറിലേക്ക് ഓറഞ്ച് പാക്കറ്റുകളിൽ ഒളിപ്പിച്ചാണ് വൻതോതിൽ മദ്യം കൊണ്ടുവരുന്നത്.
പുതുവത്സരാഘോഷ വേളയിൽ ഈ മദ്യം വിളമ്പാനായിരുന്നു പദ്ധതി. ഓറഞ്ച് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം.
കൈമൂറിലേക്ക് മദ്യം നിറച്ച ട്രക്ക് വരുന്നതായി രഹസ്യ വിവരം ലഭിച്ചതായി പോലീസ് സൂപ്രണ്ട് കൈമൂർ സന്തോഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും ചേർന്ന് നടപടിയെടുക്കുകയും ട്രക്ക് പിടികൂടുകയുമായിരുന്നു.