
ബെംഗളൂരു : കർണാടകയിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യസർക്കാരിൻ്റെ കാലത്ത് സി.ബി.ഐ അന്വേഷണമില്ലാതെ തിരിച്ചയച്ച ആറ് അയിര് കള്ളക്കടത്ത് കേസുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.( Illegal Mining Cases) വ്യാഴാഴ്ച ഇതിനായി പ്രത്യേക അനേഷണസംഘം രൂപീകരിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. ഗോവയിലെ മർമഗോവ, പനാജി, തമിഴ്‌നാട്ടിലെ എന്നൂർ, ചെന്നൈ, കർണാടകയിലെ ന്യൂമംഗളൂരു, കാർവാർ, കൃഷ്ണപട്ടണം, കാക്കിനാഡ എന്നിവിടങ്ങളിലെ അനധികൃത അയിര് കടത്തലിനെ കുറിച്ച് ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നതായി മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി എച്ച്‌കെ പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ അനധികൃത ഖനന കേസുകളും കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്. അതിനാൽ ഈ കേസുകളുടെ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.