റാഞ്ചി: ഝാർഖണ്ഡിലെ ഗുംല ജില്ലയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ച ഗ്രാമപഞ്ചായത്തിനെതിരെ പോലീസ് നടപടി. കേസ് പോലീസിലറിയിക്കാതെ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും, പ്രതി നൽകിയ ആദ്യ ഗഡു പണം ഉപയോഗിച്ച് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും മദ്യവും ഇറച്ചിയും വാങ്ങി വിരുന്ന് നടത്തുന്നതിനിടയിലുമാണ് പോലീസ് ഇടപെടൽ ഉണ്ടായത്.(Jharkhand Gumla minor rape, Jharkhand Panchayat Fines Rape Accused Uses Money For Feast)
സംഭവത്തിൽ പീഡനക്കേസ് പ്രതിയായ സുനിൽ ലോഹാരയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ അമ്മ വീട്ടിലെ മറ്റ് ജോലികളിൽ ഏർപ്പെട്ടിരുന്ന സമയം നോക്കി വീട്ടിലെത്തിയ പ്രതി, കുട്ടിയെ കളിപ്പിക്കാമെന്ന് പറഞ്ഞ് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കരഞ്ഞതോടെ അമ്മ ഓടിയെത്തി. എന്നാൽ സംഭവം പോലീസിൽ അറിയിക്കാൻ കുട്ടിയുടെ കുടുംബം തയാറായെങ്കിലും നാട്ടിലെ ചില സ്വാധീനമുള്ളവർ ചേർന്ന് വിഷയം പഞ്ചായത്ത് കമ്മിറ്റിക്ക് മുൻപിലേക്ക് കൊണ്ടുപോവുകയായിരുന്നു. കേസ് ഒതുക്കിതീർക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച പഞ്ചായത്ത് വിളിച്ചുകൂട്ടി പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പിഴത്തുകയിൽ 20,000 രൂപ പ്രതി അപ്പോൾ തന്നെ നൽകി. ബാക്കി തുക ഒരാഴ്ചയ്ക്കകം നൽകാനും പഞ്ചായത്ത് ആവശ്യപ്പെട്ടു. തുടർന്ന് ഈ ഇരുപതിനായിരം രൂപ ഉപയോഗിച്ച് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് മദ്യവും ഇറച്ചിയും വാങ്ങി വലിയ ആഘോഷം തുടങ്ങി.
ഗ്രാമത്തിൽ പീഡനക്കേസ് ഒതുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ച ഘാഘ്ര പോലീസ് സ്റ്റേഷൻ ഇൻചാർജ് മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഗ്രാമത്തിലെത്തി. ആഘോഷം നടന്നുകൊണ്ടിരുന്ന സ്ഥലത്തുനിന്നുതന്നെ പ്രതി സുനിൽ ലോഹാരയെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ഗ്രാമവാസികളിൽ ചിലർക്ക് പങ്കുണ്ടോയെന്നത് ഉൾപ്പെടെ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Story Summary
A village Panchayat in Gumla, Jharkhand, tried to cover up the rape of a three-year-old girl by fining the accused Rs 1 lakh and using the advance of Rs 20,000 to throw a party with alcohol and meat. Ghaghra police intervened during the celebration, arrested the accused Sunil Lohara, and registered a case based on the mother’s complaint.


