
ബെലഗാവി: നാലരലക്ഷം രൂപയ്ക്ക് വിറ്റ രണ്ടു വയസ്സ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ബെലഗാവി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി (Interstate child trafficking). കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന സംഘത്തിന്റെ കയ്യിൽ നിന്നാണ് കുട്ടിയെ അധികൃതർ രക്ഷപ്പെടുത്തിയത്. കുട്ടി ഇപ്പോൾ ബെലഗാവിയിലെ ഒരു ചിൽഡ്രൻസ് ഹോമിലാണ്.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളായ രാജേന്ദ്ര മേത്രിയും ഭാര്യ ശിൽപ മേത്രിയും തങ്ങളുടെ രണ്ട് വയസ്സുള്ള മകളെ ഗോവ സ്വദേശിയായ സ്മിത വാദികർക്ക് ബെലഗാവിയിലും മഹാരാഷ്ട്രയിലും നിന്നുള്ള ഇടനിലക്കാർ വഴി വിൽക്കുകയായിരുന്നു. ബെലഗാവി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റിക്ക് വിവരം ലഭിച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.
ഉത്തര കന്നഡ ജില്ലയിലെ ജോയ്‌ഡയിലെ ഹോട്ടലിൽ ബെലഗാവി സ്വദേശിയായ വന്ദന സുരവെ, മഹാരാഷ്ട്ര ദമ്പതികളായ രവി റൗട്ട്, ഭാര്യ റാണി റൗട്ട് എന്നിവർ വഴിയാണ് ഇടപാട് നടന്നതെന്നു മനസ്സിലാക്കിയതോടെ , മാർക്കറ്റ് പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.
വന്ദന സുരവെ, രവി റാവുത്ത്, റാണി റൗട്ട് എന്നിവരാണ് കുട്ടികളെ കടത്തുന്ന റാക്കറ്റിലെ പ്രധാനികളെന്ന് പോലീസ് പറഞ്ഞു. എന്നാൽ, നിലവിലെ കേസിൽ കുട്ടിയുടെ മാതാപിതാക്കൾ മുഖ്യപ്രതിയും ഗോവ സ്വദേശിനി മൂന്നാം പ്രതിയുമാണ്.