ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ കാബിൻ ക്രൂ അംഗത്തോട് അപമര്യാദയായി പെരുമാറുകയും ശല്യം ചെയ്യുകയും ചെയ്ത കേസിൽ 35 വയസുകാരനായ ഇന്ത്യൻ പൗരന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു (Singapore Airlines Cabin Crew Harassment). ആകാശ് തിവാരിയാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. ഫെബ്രുവരി 9ന് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലായിരുന്നു വിവാദ സംഭവമുണ്ടായത്.
തായ്ലൻഡിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെ തിവാരിയും നാല് സുഹൃത്തുക്കളും ചേർന്ന് ഒരു വനിതാ കാബിൻ ക്രൂ അംഗത്തെ പരിഹസിച്ച് അസ്വസ്ഥയാക്കിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. യാത്രക്കാർക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി ജീവനക്കാരി ഇവരുടെ സീറ്റിനരികിലെത്തിയപ്പോഴാണ് സംഭവം ഗുരുതരമായത്.
കോടതി രേഖകൾ പ്രകാരം, ജീവനക്കാരി സമീപത്തുണ്ടായിരുന്ന സമയത്ത് തിവാരി കൈ നീട്ടി അവരുടെ കാലിൽ സ്പർശിക്കുകയും ഇതിനെ തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഉച്ചത്തിൽ ചിരിക്കുകയുമായിരുന്നു. സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച ജീവനക്കാരിയും മേൽനോട്ട ഉദ്യോഗസ്ഥയും വിശദീകരണം തേടിയെങ്കിലും തിവാരി ആരോപണം നിഷേധിച്ചതായും റിപ്പോർട്ടുണ്ട്.
പരാതിക്കാരിയായ കാബിൻ ക്രൂ അംഗം തന്നെ സ്പർശിക്കരുതെന്ന് വ്യക്തമായി പറഞ്ഞിട്ടും തിവാരി അതിനെ ഗൗരവത്തിൽ എടുത്തില്ലെന്നും മാപ്പ് പറയാൻ തയ്യാറായില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്ന് ഇയാൾ വീണ്ടും ജീവനക്കാരിയുടെ പിന്നാലെ ചെന്നു ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ എയർപോർട്ട് പൊലീസ് തിവാരിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരികമായി ശല്യം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി തിവാരിക്ക് ആറുമാസം തടവുശിക്ഷ വിധിച്ചു. കൂടാതെ, പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 90,000 രൂപയിൽ അധികം തുക നൽകാനും കോടതി നിർദേശിച്ചതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Story Summary: An Indian man has been sentenced to six months in jail in Singapore for allegedly harassing and inappropriately touching a female cabin crew member during a flight. The court also ordered him to pay compensation to the victim.

