ചാലിയാറിൽ വീണ്ടും തകൃതിയായി അനധികൃത മണലെടുപ്പ്; ലക്ഷങ്ങളുടെ നഷ്ടം സർക്കാരിന് | Illegal sand mining in Chaliyar

ചാലിയാറിൽ വീണ്ടും തകൃതിയായി അനധികൃത മണലെടുപ്പ്; ലക്ഷങ്ങളുടെ നഷ്ടം സർക്കാരിന് | Illegal sand mining in Chaliyar
Published on

അൻവർ ഷരീഫ്
മലപ്പുറം : ചാലിയാറിൽ വീണ്ടും തകൃതിയായി മണലടുപ്പ് (Illegal sand mining in Chaliyar). മലപ്പുറം കോഴിക്കോട് ജില്ലകളിലെ ചാലിയാർ തീരത്താണ് വ്യാപകമായി രാവും പകലുമില്ലാതെ മണലൂറ്റുന്നത്. കോഴിക്കോട് ജില്ലയിലെ മാവൂർ,പെരുമണ്ണ,ഒളവണ്ണ പഞ്ചായത്ത് പരിധിയിൽ നിന്നും മലപ്പുറം ജില്ലയിലെ എടവണ്ണ,അരീക്കോട്,കീഴുപറമ്പ്,ചീക്കോട്, വാഴക്കാട്,വാഴയൂർ പഞ്ചായത്തുകളിലെ കടകളിൽ നിന്നുമാണ് വ്യാപകമായി മണലൂറ്റുന്നത്.

അനധികൃത മണലൂറ്റ് കാരണം വൻ സാമ്പത്തിക നഷ്ടമാണ് പഞ്ചായത്തുകൾക്ക് ഉണ്ടാകുന്നത് ഇതിനെതിരെ വ്യാപകമായ പരാതിയാണ് ഉയരുന്നത്.മാത്രമല്ല ചില ക്രഷർ ലോബികളുടെയും അഴിമുഖത്തെ മണൽ എടുക്കുന്ന ചില ലോബികളുടെയും ഇടപെടലാണ് മണൽ എടുക്കാൻ അനുമതി കിട്ടാതിരിക്കാൻ കാരണമെന്ന് പഴയകാല മണൽ തൊഴിലാളികൾ ആരോപിക്കുന്നു.

മലപ്പുറം ജില്ലയിലെ ചാലിയാറിൽ മണൽ എടുക്കാൻ ചീക്കോട് പഞ്ചായത്ത് പരിധിയിലെ വെട്ടുപാറയിൽ ചാലിയാറിലേക്ക് മണ്ണിട്ട് റോഡ് വരെ നിർമ്മിച്ചു കഴിഞ്ഞു. റവന്യൂ വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ചാലിയാറിന്റെ നീരൊഴുക്കിനെ സാരമായി ബാധിക്കുന്ന രീതിയിലാണ് ചാലിയാറിൽ മണ്ണിട്ടു തീർത്തത്. ഇതിനെതിരെ ജൈവവൈവിധ്യ പരിപാലന സമിതികളും തിരിഞ്ഞുനോക്കുന്നില്ല.ചില ഉദ്യോഗസ്ഥർ മണൽമാഫിയിൽ നിന്ന് മാസപ്പിടി പറ്റുന്നവരാണ് എന്നും പ്രദേശത്തുകാർ ആരോപിക്കുന്നു.

ചാലിയാറിലെ മണലൂറ്റുംചാലിയാറിൽ അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്തുന്നതിനും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചാലിയാർ രക്ഷകൻ എന്ന ബോട്ടും നിലവിൽ ചാലിയാറിൽ ഉണ്ട്. ഇതിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി.ഈ ബോട്ടിന്റെ പ്രവർത്തനം നിലച്ചതോടെ മണലൂറ്റുകാരുടെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നു. കോഴിക്കോട് ജില്ലയിലെ മാവൂരിൽ അനധികൃത മണലൂറ്റ് തടയുന്നതിന് വേണ്ടി സ്ഥാപിച്ച കോൺഗ്രീറ്റ് തൂണുകൾ വരെ നശിപ്പിച്ച് പുതിയ റോഡുകൾ നിർമ്മിച്ചാണ് മണൽ നടത്തുന്നത്.

ചാലിയാറിൽ നിലവിൽ കടത്തുതോണികൾ ഇല്ലെങ്കിലും നിരവധി ചരക്കു വള്ളങ്ങൾ ഇന്നും ചാലിയാറിൽ ഉണ്ട്, ഇതൊന്നും തന്നെ രേഖകൾ ഉള്ളവയല്ല.ഇങ്ങനെയുള്ള വള്ളങ്ങൾ ചാലിയാറിൽ നിന്ന് പുറത്തേക്ക് മാറ്റിയാൽ തന്നെ ചാലിയാറിലെ മണലൂറ്റ് തടയാൻ പറ്റും ഇതിന് പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറാവുന്നില്ല എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.എന്നാൽ മറുഭാഗം പറയുന്നത് ചാലിയാറിൽ അപകടങ്ങൾ ഉണ്ടാകുമ്പോഴും പ്രളയ സമയങ്ങളിലും ആവശ്യം വരുമ്പോൾ ഉപയോഗിക്കാനാണ് ഈ തോണികൾ ചാലിയാറിൽ നിക്ഷേപിച്ചത് എന്നാണ് .അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള വള്ളങ്ങൾക്ക് പ്രാദേശിക ഭരണകൂടങ്ങൾക്ക് അനുമതി നൽകാൻ കഴിയാത്തത് എന്ന് പഴയകാല മണൽ തൊഴിലാളികൾ ചോദിക്കുന്നു.

പലതവണകളിലായി മണലൂറ്റ് നടന്ന സമയങ്ങളിൽ വാഹനങ്ങൾ ഉൾപ്പെടെ പിടിക്കപ്പെട്ടാൽ രേഖകൾ ഇല്ലാത്ത വാഹനങ്ങൾ വരെ ഉണ്ടാകാറുണ്ട് മണലൂറ്റുന്ന വള്ളങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചാലും വള്ളത്തിലുള്ള ആളുകളെ പോലീസിന് രേഖകളില്ലാത്തതിനാൽ കണ്ടെത്താൻ സാധിക്കുന്നില്ല. സമയവും കാലവും നോക്കാതെയാണ് ഇപ്പോൾ ഈ പ്രദേശങ്ങളിൽ മണലൂറ്റ് വ്യാപകമാകുന്നത് .

മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ മണൽ ഓർഡർ എടുക്കാൻ ഏജന്റുമാരും പ്രവർത്തിക്കുന്നു. രാത്രികാലങ്ങളിൽ ചില പോലീസ് സ്റ്റേഷൻ പരിസരത്ത് പോലും മണൽ വാഹനങ്ങൾക്ക് എസ്കോർട്ട് നിൽക്കുന്നതും പോലീസിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും ആളുകളെ വിന്യസിച്ചിട്ടുണ്ട് .പോലീസ്, റവന്യൂ, ജിയോളജി വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സ്‌ക്വാഡ് രൂപീകരിക്കണമെന്നും, നിയമപരമായ മണൽ എടുപ്പിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പഴയകാല തൊഴിലാളികൾ പറയുന്നു. ഇല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും മണൽ തൊഴിലാളികൾ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com