
ഹൈദരാബാദ്: കാണാതായ എട്ടുവയസ്സുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി ഹൈദരാബാദ് പൊലീസ്. കലപതാറിന് സമീപം ചന്ദുലാൽ ബരദാരിയിൽ നിന്ന് കാണാതായ പെൺകുട്ടിയെയാണ് പരാതി ലഭിച്ച് രണ്ട് മണിക്കൂറിനകം പോലീസ് കണ്ടെത്തിയത് . വ്യാഴാഴ്ച വൈകിട്ട് വീട്ടിൽനിന്ന് കാണാതായെന്ന പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിലാണ് പൊലീസ് അതിവേഗം നടപടി സ്വീകരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് കുട്ടിയെ കണ്ടെത്തിയത്. നാലാം ക്ലാസുകാരിയായ ഖദീജ ഫാത്തിമയെ വൈകിട്ട് നാലരയോടെ പാൽ വാങ്ങാനായി സമീപത്തെ കടയിലേക്ക് അയച്ചതായിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞും കുട്ടി തിരികെ എത്താതെ വന്നതിനെ തുടർന്ന് , വീടിന്‍റെ പരിസരത്തും കടയുടെ സമീപത്തും മാതാവ് റിസ്വാന ബീഗം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ആറ് മണിയോടെ പൊലീസ് സ്റ്റേഷനിലെത്തി ഇവർ പരാതി നൽകി.പരാതി ലഭിച്ച ഉടൻതന്നെ പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞ് കുട്ടിക്കായുള്ള അന്വേഷണമാരംഭിച്ചു. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള പരിശോധനക്കു പിന്നാലെ രാംനാസ്പുരയിലെ ജമാ മസ്ജിദിനു സമീപം കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് കുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചു.