
ബിഹാറിലെ മുൻഗറിലെ, ലഡയാറ്റണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ നക്‌സൽ ബാധിത കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ന്യൂ പൈസാര ഗ്രാമത്തിൽ നിന്ന് ബംഗ്ലാദേശിയെന്ന് സംശയിക്കുന്ന ഒരാളെ സിആർപിഎഫ് പിടികൂടി. സിആർപിഎഫ് ഇയാളെ ലഡയാറ്റണ്ട് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. ഇതേത്തുടർന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇയാളെ തുടർച്ചയായി ചോദ്യം ചെയ്യുകയാണ്.
പുതുവർഷത്തോടനുബന്ധിച്ച് നക്‌സൽ ബാധിത പ്രദേശങ്ങളിൽ സിആർപിഎഫ് തുടർച്ചയായി കോമ്പിംഗ് ഓപ്പറേഷനുകൾ നടത്തുന്നുണ്ടായിരുന്നു. അതിനിടെ, സിആർപിഎഫ് സംഘം നക്‌സൽ ബാധിത പ്രദേശമായ ന്യൂ പൈസാര ഗ്രാമത്തിൽ എത്തിയപ്പോൾ സംശയാസ്പദമായ നിലയിൽ ഒരാളെ കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാൾ ബംഗ്ലാദേശ് നിവാസിയാണെന്നും പേര് ഇബ്രാഹിം ഖലീൽ ആണെന്നും പറയുന്നുണ്ടെങ്കിലും എങ്ങനെ ഇവിടെ എത്തി, എന്തിനാണ് വന്നത് എന്നൊന്നും ഇയാൾ വ്യക്തമാക്കാൻ തയ്യാറായില്ല. ഇയാൾ പറയുന്ന ഭാഷ പോലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്നാണ് ഇയാളെ സിആർപിഎഫ് ഉദ്യോഗസ്ഥർ പൊലീസിന് കൈമാറിയത്.
ഈ വിവരം ഐബിക്കും കൈമാറിയിട്ടുണ്ട്. ഇയാൾ എങ്ങനെ ഇവിടെയെത്തി, എന്തിനാണ് ഇവിടെയെത്തിയത് എന്നതിനെ കുറിച്ച് നിരന്തരം ചോദ്യങ്ങൾ ചോദിച്ചിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.