
ബംഗളൂരു: നഗരത്തിലെ റോഡുകളിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ തിരഞ്ഞുപിടിച്ച് ലൈംഗികമായി ആക്രമിച്ചിരുന്ന കേസിൽ യുവാവ് അറസ്റ്റിൽ (BENGALURU CRIME). അസം സ്വദേശിയും നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളുമായ ഇസ്‌ലാമുദ്ദീനാണ് ബനശങ്കരി പോലീസിന്റെ പിടിയിലായതെന്നാണ് റിപ്പോർട്ട്.
തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ പിറകെ ബൈക്കിലെത്തി, ഇവരെ കടന്നു പിടിച്ച ശേഷം രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സമാനമായ രീതിയിൽ ജനുവരി 23ന് രാവിലെ ഒമ്പത് മണിയോടെ ബനശങ്കരി രണ്ടാം സ്‌റ്റേജിൽ വെച്ച് ഒറ്റക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ , മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് ഇയാൾ കയറിപ്പിടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പീഡനത്തിനിരയായ യുവതി പിന്നീട് ബനശങ്കരി പോലീസിൽ പരാതി നൽകുകയായിരുന്നു.
ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നഗരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും സമാനമായ കേസുകളിൽ ഇസ്‌ലാമുദ്ദീൻ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.